ഒരു പോത്തിനെ പിടിക്കുവാൻ എന്തിനിത്രേം ആളുകൾ എന്ന് ചിന്തിക്കുന്നിടത്ത് തുടങ്ങുന്നു ജല്ലിക്കെട്ട് എന്ന സിനിമയുടെ ശരിയായ കഥ. തികച്ചും പ്രതീകാത്മകമായ ഒരു ചിത്രം അതിന്റേതായ മൂഡിലിരുന്ന് , ചിന്തിച്ചും , ആസ്വദിച്ചും, കണ്ടില്ലെങ്കിൽ സിനിമതീരുമ്പോൾ കിളി പോയതുപോലെ ഇറങ്ങിപ്പോരേണ്ടിവരും എന്നതാണ് ഈ സിനിമയുടെ പ്രത്യകത. താൻ എന്തുതരം സിനിമയാണ് കാണുന്നത് എന്ന ഉറച്ചബോധം മനസിലുണ്ടെകിൽ ചിത്രം ആസ്വദിക്കാം.
ഇന്നത്തെ ലോകത്തിലെ സകലപ്രശ്നങ്ങളും മനുഷ്യന്റെ അശ്രദ്ധമൂലം ഉണ്ടാക്കുന്നവയാണ്. അങ്ങിനെയൊരു അശ്രദ്ധമൂലം ഈ സിനിമയിലെ പ്രധാന പ്രശ്നമായ പോത്ത് ഒരു സാധാരണ ഗ്രാമത്തിലേക്ക് ഇറങ്ങുകയാണ് . അതായത് നന്നായി ബന്ധിച്ച് നിർത്തി, നേരാം വണ്ണം നോക്കിയാൽ സമൂഹത്തിലെ എല്ലാ പ്രശ്ങ്ങളും അടങ്ങിയൊതുങ്ങി ഇരിക്കും. ചെറിയൊരു ശ്രദ്ധക്കുറവ് മതി അതുവരെ ശാന്തമായിരുന്ന സമൂഹം വിളറിപിടിക്കുവാൻ. ഈ സിനിമയിൽ നാട്ടിലെ സകലവിധ കുഴപ്പങ്ങളെയും ഒറ്റക്ക് പ്രതിനിധാനം ചെയ്യുകയാണ് കയറുപൊട്ടിച്ച ഒരു പോത്ത് . വർഗീയ ലഹളകളുടെയും, മറ്റ് സാമൂഹ്യവിപത്തുകളുടെയും അതേ നിറവും, സ്വഭാവവുമാണ് വിരണ്ടോടുന്ന പോത്തിന് . അതെപ്പോൾ എവിടെ പ്രത്യക്ഷപ്പെടുമെന്നോ ആരെയൊക്കെ ആക്രമിക്കുമെന്നോ നമ്മുക്ക് പ്രവചിക്കാനാവില്ല.
ഒരു പ്രശ്നം പൊട്ടിപ്പുറപ്പെട്ടാൽ അവിടെ ആരൊക്കെ പ്രത്യക്ഷപ്പെടുമോ അവരൊക്കെ പലരൂപത്തിൽ, പല ഭാവത്തിൽ പോത്തിന് പുറകെ ഇവിടെയും പാഞ്ഞെത്തുന്നുണ്ട്. നാടുമുഴുവനും തെളിഞ്ഞ പന്തങ്ങളും, റാന്തലുകളും കഴുകൻ കണ്ണുകളെപ്പോലെ ഓടിയെത്തുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങൾ തന്നെയാണ് . അവർ തെളിച്ച വഴികളിലൂടെ രാഷ്ട്രീയക്കാരും, നവോത്ഥാന നായകരും, ബുദ്ധിജീവികളും പോത്തെന്ന വർഗീയ വിപത്തിന് പുറകെ വന്യമായി അലറിയടുക്കുന്നു. അവർക്കാർക്കും പ്രശ്നം ഒതുക്കിതീർക്കണമെന്ന ആഗ്രഹമേയില്ല എന്ന് സിനിമയിൽ നിന്നും വ്യക്തം. ചിലർക്ക് പോത്തിനെ വെട്ടി വീതം വെക്കണം, മറ്റു ചിലർക്ക് പോത്തിനെ താനാണ് പിടിച്ചുകെട്ടിയതെന്ന് സ്ഥാപിക്കണം . ജെല്ലിക്കെട്ടിൽ പോത്തിന് പുറകെ ഓടുന്ന സകലരും മുൻപ് പറഞ്ഞ ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. മിക്ക പ്രശ്നങ്ങളിലെയും പോലെത്തന്നെ അലറിയടുക്കുന്ന ഇവറ്റകൾക്ക് മുൻപിൽ പോലീസ് നിസ്സഹായരാകുന്നു. അവസാനം പോലീസും, പോത്തിന് പുറകെ ഓടുന്നവരുടെ കൂട്ടത്തിൽ അവരിലൊരാളായി മാറുന്നു. വേറിട്ട് നിൽക്കുവാൻ അവർക്കും കഴിയുന്നില്ല.
ഇത്തരമൊരു വിപത്ത് ഉടലെടുക്കുമ്പോൾ അതിനിടയിലൂടെ തങ്ങളുടെ കാര്യം സാധിച്ചെടുക്കുന്നവരെയും സിനിമയിൽ സംവിധായകൻ തുറന്നു കാട്ടുന്നുണ്ട്. തങ്ങളുടെ ഉള്ളിൽ അതുവരെയും പുറത്തുകാട്ടാതെ ഒളിപ്പിച്ചിരുന്ന പകയും, വൈരാഗ്യവും തീർക്കുവാൻ അവർ ഈ അവസരം വിനിയോഗിക്കുന്നു. ഈ സമയമൊക്കെ നമ്മൾ സാധാരണ ജനങ്ങൾ പേടിച്ച് തങ്ങളുടെ വീടുകളിൽ തന്നെ കഴിയുന്നു. “പോത്തിനെ പിടിച്ചുകെട്ടിയോ ?” എന്ന് അവർ ആകാംക്ഷയോടെ ചോദിക്കുന്നതും, തൃപ്തികരമായ ഉത്തരം ലഭിക്കാത്തതും സിനിമയിൽ കാണുവാൻ സാധിക്കും.
ഏതൊരു ലഹളയെയും പോലെ തന്നെ പോത്തും ഒരു അവസാനം ഓടിത്തളർന്ന് ഒരു കുഴിയിൽ വീഴുന്നു. പ്രശ്നത്തിന് സ്വാഭാവികമായ ഒരു അന്ത്യം ഇവിടെ ഉണ്ടാകേണ്ടതാണ്. പക്ഷെ സ്വാർത്ഥമോഹികൾ അതിന് സമ്മതിക്കുന്നില്ല എന്ന് സംവിധായകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. കാരണം ഇതിന്റെ ക്രെഡിറ്റ് അവർക്ക് ലഭിക്കണം. അങ്ങിനെ ഏറെക്കുറെ അവസാനിക്കുമായിരുന്ന ആ പ്രശ്നം അവർ വീണ്ടും കുത്തിപ്പൊക്കുന്നു. ഫലമോ , നിസഹായരായ ആളുകളുടെ ജീവനെടുത്തുകൊണ്ടാണ് അതുവീണ്ടും ഉയർത്തെഴുന്നേൽക്കുന്നത് . വിവേചനബുദ്ധിയില്ലാതെ വിരണ്ടോടുന്ന പോത്തല്ല, അതിനെ പർവ്വതീകരിച്ച് സമൂഹത്തെ നശിപ്പിക്കുന്ന മനുഷ്യൻ തന്നെയാണ് യഥാർത്ഥ മൃഗമെന്ന് വരച്ചുകാണിച്ചുകൊണ്ട് ജെല്ലിക്കെട്ട് എന്ന സിനിമ അവസാനിക്കുന്നു. അവനുണ്ടാക്കിയ പ്രശ്നങ്ങൾ തന്നെ ഒരു മലപോലെ അവനുമുകളിൽ കുമിഞ്ഞുകൂടുന്നു. കുഴപ്പങ്ങൾ ഉണ്ടാക്കിയവരുടെ മുകളിൽ അതെ കുഴപ്പങ്ങൾ തന്നെ നിപതിക്കും. ഇതിലൊന്നും പെടാത്ത സാധാരണജനങ്ങൾക്ക് ഒരു പ്രതീക്ഷയാണ് ഈ സിനിമ നൽകുന്നത് .
ഇതൊരു മാസ്റ്റർപീസൊന്നുമല്ല . പക്ഷെ അവതരണം ഗംഭീരം. സംവിധായകൻ ചിലകാര്യങ്ങളിൽ അമിത ശ്രദ്ധകൊടുത്തപ്പോൾ, മറ്റു ചിലകാര്യങ്ങൾ വേണ്ടത്ര നന്നായില്ല. ചിത്രം തീയേറ്ററിൽ തന്നെ ഇരുന്ന് കാണണം . I repeat, താൻ എന്തുതരം സിനിമയാണ് കാണുന്നത് എന്ന ഉറച്ചബോധം മനസിലുണ്ടെകിൽ ചിത്രം ആസ്വദിക്കാം.
Written By : Julius Manuel