അരിസോണയിലെ വെസ്റ്റ് സ്റ്റോൺ മലകളിൽ വേട്ടക്കിറങ്ങുന്നവരുടെ വഴികാട്ടിയാണ് ഡോണി ഫെൻ. 2011 നവംബർ 19 ആം തീയതി പക്ഷെ ആയാൾ വേട്ടക്കിറങ്ങിയത് പത്ത് വയസുള്ള തന്റെ മകളുമായിട്ടായിരുന്നു. അവളെ നല്ലൊരു വേട്ടക്കാരിയാക്കണം എന്നാണ് ഫെൻ ആഗ്രഹിച്ചിരുന്നത്. അതിനാൽ പ്യൂമ എന്ന മൗണ്ടൻ ലയണുകൾ ധാരാളമുള്ള വെസ്റ്റ്സ്റ്റോൺ മലകളിൽ അവയുടെ കാൽപ്പാടുകൾ പിന്തുടർന്ന് ജീവിയെ കണ്ടെത്തുന്ന വിധം അവളെ പഠിപ്പിക്കുകയായിരുന്നു ഫെൻ . പെട്ടന്നാണ് കൂടെയുള്ള വേട്ടനായ്ക്കൾ അത്യുച്ചത്തിൽ കുരച്ചുകൊണ്ട് ഓടുന്നത് കണ്ടത്. അതെ ! അവറ്റകളുടെ മുൻപിൽ ഒരു പ്യൂമ പെട്ടിട്ടുണ്ട്. വളരെ വേഗം മകളെയും കൊണ്ട് അയാൾ നായ്ക്കളുടെ പുറകെ ചെന്നു. നായ്ക്കൾ ആ ജീവിയെ പിന്തുടർന്ന് ഒരു മരത്തിൽ ഓടിച്ചു കയറ്റിയിട്ടുണ്ട്. പക്ഷെ മരക്കമ്പിൽ ഇരുന്നുകൊണ്ട് വേട്ടനായ്ക്കളുടെ നേരെ ചീറ്റുന്ന ജീവിയെക്കണ്ട ഫെൻ ഒന്ന് ഞെട്ടി. അത് പ്യൂമയല്ല ! തൻ്റെ ജീവിതത്തിൽ ഇന്നുവരെ അമേരിക്കൻ കാടുകളിൽ കണ്ടിട്ടില്ലാത്ത ഒരു ജീവിയാണ് മരത്തിൽ ഇരിക്കുന്നത്. അത് ജാഗ്വാർ ആണ് ! നോർത്ത് അമേരിക്കൻ ജാഗ്വാർ !
ഫെൻ വളരെ വേഗം തൻ്റെ ക്യാമറ ചലിപ്പിച്ചു. താനിത് പുറത്ത് പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല. കാരണം അരിസോണയിൽ ജാഗ്വാർ ഉള്ളതായി മുൻപ് പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ ആളുകൾ പരിഹസിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ബിഗ്ഫുട്ടോ , യതിയോ പോലെ വെറും തോന്നലാണ് അതെന്നാണ് ആളുകൾ പറയുന്നത്. ഫോട്ടോയെടുത്തതും ജാഗ്വാർ അതിവേഗം അവിടെനിന്നും മറഞ്ഞു. ഫെൻ താമസിയാതെ തന്നെ വൈൽഡ് ലൈഫ് അധികൃതരെ കണ്ട് താനെടുത്ത ചിത്രങ്ങൾ കാണിച്ചു. രണ്ടു ദിവസങ്ങൾക്കകം വന്യജീവി വകുപ്പിന്റെ മുന്നറിയിപ്പിറങ്ങി. “ട്രെക്കിങ്ങിനും, വേട്ടയ്ക്കും പോകുന്നവർ ശ്രദ്ധിക്കുക, വെസ്റ്റ് സ്റ്റോൺ മലകൾ ഉൾപ്പെടുന്ന സാൻറ്റാ റീത്താ മലനിരകളിൽ അമെരിക്കൻ ജാഗ്വാറിന്റെ സാന്നിധ്യമുണ്ട് ! “
വന്യജീവി ഗവേഷകർ ഉണർന്നു. അമേരിക്കയിലെ മൃഗശാലകളിലല്ലാതെ നോർത്ത് അമേരിക്കൻ ജാഗ്വാർ വനങ്ങളിലോ, മലനിരകളിലോ ഉള്ളതായി റിപ്പോർട്ടുകൾ ഇല്ല. ഇത് പിന്നെ എവിടെ നിന്നും വന്നു ? സാൻറ്റാ റീത്താ മലനിരകളുടെയും , വടക്കൻ മെക്സിക്കോയിലെ സിയേറ മാദ്രെ മലകളുടെയും ഇടയിൽ വരണ്ടു വിജനമായ സ്ഥലങ്ങൾ ഒരു ഇടനാഴിപോലെ കിടപ്പുണ്ട്. ആ വഴിയിലൂടെയാവാം മെക്സിക്കോയിൽ നിന്നും ഈ ജീവി അരിസോണയിൽ എത്തിച്ചേർന്നത്. താമസിയാതെ അമേരിക്കയിലെ ഏക വനവാസിയായ ജാഗ്വാറിന് പേരും വീണു. എൽ ജെഫേ . എന്ന് വെച്ചാൽ ദി ബോസ് !
എൽ ജെഫേയെ പിന്നീട് മറ്റ് പലരും കണ്ട് സ്ഥിരീകരിക്കുകയും ചെയ്തു. അതൊരു ആൺ ജാഗ്വാർ ആയിരുന്നു. കൂട്ടത്തിൽ പെണ്ണുണ്ടോ എന്നതായിരുന്നു ഏവരുടെയും സംശയം. പക്ഷെ എൽ ജെഫേ ഏകനായിരുന്നു. 2016 വരെയും എൽ ജെഫെയെ കണ്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ പിന്നീട് ആരും കണ്ടതുമില്ല. ഇണയെത്തേടി ആ ജീവി തിരികെ മെക്സിക്കൻ മലനിരകളിലേക്ക് പോയിട്ടുണ്ടാവാം എന്നാണ് നിഗമനം. പക്ഷെ അതേ വർഷം പുതിയൊരു ജാഗ്വാർ ഇതേ മലനിരകളിൽ പ്രത്യക്ഷപ്പെട്ടു. എൽ ജെഫേ വന്ന അതെ പാതയിലൂടെ തന്നെയാണ് ഇതും സാൻറ്റാ റീത്താ മലകളിൽ എത്തിച്ചേർന്നത്. യോക്കോ എന്ന് പേര് വിളിച്ച ആ ജീവി തിരിച്ചുള്ള യാത്രയിൽ അബദ്ധത്തിൽ പ്യൂമക്ക് വെച്ചിരുന്ന കെണിയിൽ കുടുങ്ങുകയും , വേട്ടക്കാർ അതിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. എന്നാൽ ഇതേ സമയം മറ്റൊരു ജാഗ്വാർകൂടി സാൻറ്റാ റീത്താ മലകളിലെ ക്യാമറ ട്രാപ്പിൽ പ്രത്യക്ഷപ്പെട്ടു. സോംബ്ര എന്നാണ് ആളുകൾ അവന് പേരിട്ടത്. എന്നാൽ പിന്നീട് അതും അപ്രത്യക്ഷമായി. എൽ ജെഫെയുടെ പാത പിന്തുടർന്ന് അവനും തിരികെ പോയിട്ടുണ്ടാവും എന്നാണ് ആളുകൾ കരുതിയിരുന്നത്. എന്നാൽ ഈ വർഷം (2019) ജനുവരിയിൽ സോംബ്ര വീണ്ടും ക്യാമെറ ട്രാപ്പിൽ പ്രത്യക്ഷപ്പെട്ടു ! അങ്ങിനെ അമേരിക്കയിൽ ഇന്നുള്ള ഏക വൈൽഡ് ജാഗ്വാർ ആയി മാറി സോംബ്ര !
ഒരുകാലത്ത് അമേരിക്കയിലുടനീളം ഉണ്ടായിരുന്ന മാർജാരവംശജനാണ് നോർത്ത് അമേരിക്കൻ ജാഗ്വാർ. എന്നാൽ പിന്നീട് പലകാരണങ്ങളാൽ ഇവരുടെ എണ്ണം കുറയുകയും ക്രമേണ കാട്ടിൽ നിന്നും തീർത്തും അപ്രത്യക്ഷമാവുകയും ചെയ്തു. മെക്സിക്കോ ഉൾപ്പെടുന്ന മധ്യഅമേരിക്കൻ രാജ്യങ്ങളിലെ കാടുകളിൽ മാത്രമാണ് നോർത്ത് അമേരിക്കൻ ജാഗ്വാറുകൾ ഇപ്പോൾ ഉള്ളത്. അവിടെ നിന്നും ഇരതേടിയാവാം ഈ മൂന്ന് ആൺജീവികളും മൈലുകൾ താണ്ടി ആരിസോണയിൽ എത്തിച്ചേർന്നത്. എൽ ജെഫെ അപ്രത്യക്ഷമായതിനാൽ ഇപ്പോൾ സോംബ്ര മാത്രമാണ് അമേരിക്കൻ മണ്ണിലെ ഏക സ്വതന്ത്ര ജാഗ്വാർ ! ഈ കൂട്ടത്തിലേക്ക് ഒരു പെൺ ജാഗ്വാർ എത്തുവാനാണ് ഇപ്പോൾ ഗവേഷകർ കാത്തിരിക്കുന്നത്. അങ്ങിനെയെങ്കിൽ ഇവർ തിരിച്ചുപോകാതിരിക്കുകയും വീണ്ടും അരിസോണയിൽ പുതിയൊരു ജാഗ്വാർപോപ്പുലേഷൻ ഉടലെടുക്കുകയും ചെയ്യും .