ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 1

അതിരാവിലെ അണിഞ്ഞൊരുങ്ങി വണ്ടിയിൽ കയറിയ ജോസപ്പ് അച്ചായന് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. ഇന്നെങ്കിലും നല്ലൊരു സ്ഥലം ഒത്തുവരണം. മനസിനിണങ്ങിയ ഒരു ഫാം…. കൂട്ടത്തിൽ ഒരു ഫാം ഹൌസ് . വയസാം കാലത്ത് കുറെ കന്നുകാലികളെയും, ആടുകളെയുമൊക്കെ നോക്കി ഒരു കൗബോയ് സ്റ്റൈൽ ജീവിതം. കൂട്ടത്തിൽ വല്ലപ്പോഴും ഒന്നോ രണ്ടോ മുയൽ, അല്ലെങ്കിൽ ഒരു ബഫല്ലോ ഹണ്ടിങ്. ഇത്രയേ ഉള്ളൂ . വളരെ ലളിതമായ ജീവിതം. കൂട്ടത്തിൽ ഇതൊനൊക്കെ പണം മുടക്കുവാൻ ഇതുപോലെ ലളിത ജീവിതം ആഗ്രഹിക്കുന്ന ഒന്നു രണ്ട് വേറെ കോട്ടയം അച്ചായന്മാരും ഉണ്ട്. പക്ഷെ ഫാമിൽ മുഴുവൻ സമയവും നമ്മുടെ ജോസപ്പ് അച്ചായൻ മാത്രമേ ഉണ്ടാവൂ. മറ്റുള്ളവർ ബോറടിക്കുമ്പോൾ മാത്രം വന്ന് രണ്ട് വെടിവെച്ചിട്ട് പോകും. ഗ്ലാസ്സിൽ മൂന്നാമത്തെ ഐസ് ക്യൂബ് വീഴുന്നതിന്ന് മുൻപ് തിരികെ പോണം. അല്ലെങ്കിൽ വെടി വീട്ടിൽ നിന്നും കിട്ടും.

Advertisements

ഇത്രയും കാര്യം മനസ്സിൽ വെച്ചോണ്ട് ടെക്‌സാസിൽ വിൽക്കാൻ വെച്ചിരിക്കുന്ന സകല ഫാമുകളും ജോസപ്പ് അച്ചായൻ ഇതിനൊടകം കയറി ഇറങ്ങി കഴിഞ്ഞു. ഒന്നും അങ്ങോട്ട് മനസിന് പിടിക്കുന്നില്ല. കാരണം ഇതിനൊക്കെ കൂടെ കൊണ്ടുപോകുന്നത് മറ്റാരെയുമല്ല എന്നെ തന്നെയാണ്. നൂറു നല്ല ഗുണങ്ങളുടെ കൂട്ടത്തിൽ രണ്ടു കുറവുകൾ ഞാൻ പറയും. അങ്ങേര് അതിൽ കയറി പിടിക്കും. പിന്നെ ഇട്ടേച്ചു പോരും അതാണ് പതിവ്. എന്തായാലും ഇത്തവണ വായ തുറന്ന് ഒരക്ഷരം മിണ്ടില്ല എന്ന് ഞാൻ ശപഥം ചെയ്തിരിക്കുകയാണ് . ഇത് എങ്ങിനെയെങ്കിലും ഒന്ന് നടന്നു കിട്ടിയാൽ എനിക്കും വല്ലപ്പോഴും രണ്ട് വെടി വെയ്ക്കാമല്ലോ.

അങ്ങിനെ വണ്ടി ഉരുണ്ടു തുടങ്ങി. അച്ചായൻ തന്നെയാണ് സാരഥി. അതാണ് നല്ലത്. അല്ലെങ്കിൽ ഓടിക്കുന്ന ആളിന് മനഃസമാധാനം കിട്ടില്ല. അവസാനം ഒരു പാലം കാണുമ്പോൾ വണ്ടി നിർത്തി നേരെ താഴേയ്ക്ക് ചാടേണ്ടി വരും. ഞാൻ നിവർന്നിരുന്നു. സിറ്റി വിട്ട് വണ്ടി മുന്നോട്ട് കുതിക്കുകയാണ്. വഴിക്കിരുവശവും പല വിധങ്ങളിലുള്ള കൃഷിയിടങ്ങൾ തെളിഞ്ഞു വന്നു. ആട് , മാട് , പന്നി തുടങ്ങിയ മൃഗങ്ങളുടെ വളർത്തുകേന്ദ്രങ്ങളാണ് മിക്കതും. ഇതിൽ പലതും ഞങ്ങൾ പലവട്ടം കയറിയിറങ്ങിയതുമാണ് . അച്ചായനും കൂട്ടർക്കും കുറച്ചുകൂടി ഉള്ളിലേക്ക് കയറിയ സ്ഥലമാണ് വേണ്ടത്. ഒരു ഭാഗത്ത് കന്നുകാലികളും, മറുഭാഗത് റാറ്റായിറ്റ് ( കിവിയുടെ ബന്ധുവായ ഒരു പറക്കാപക്ഷി), റീയ (ഒട്ടകപ്പക്ഷിയുടെ ദക്ഷിണ അമേരിക്കൻ ചാർച്ചക്കാരൻ ) തുടങ്ങിയ പറക്കാപക്ഷികളുടെ സങ്കേതവും നിർമ്മിക്കണം. ഇതൊക്കെ നേരത്തെ തന്നെ സെറ്റാക്കിയിട്ടുള്ള ഫാമുകളാണ് ഓൺലൈൻ വഴി ഇടനിലക്കാരെ വിളിച്ച് അപ്പോയിന്റ്റ്മെന്റ് എടുത്ത ശേഷം ഞങ്ങൾ കാണുവാൻ പോകുന്നത്. ഇന്ന് പക്ഷെ ഒരെണ്ണമേ കാണുന്നുള്ളൂ. കാരണം ദൂരം ഒരുപാടുണ്ട്. തിരിച്ചെത്തുമ്പോൾ പാതിരാ കഴിഞ്ഞിട്ടുണ്ടാവും.

പ്രധാന ഹൈവേയിലേക്ക് ഇടത്തുനിന്നും വലത്തുനിന്നും അനേകം ചെറു റോഡുകൾ വന്നെത്തുന്നുണ്ട് . സകലതിനും FM23 , FM 436 എന്നൊക്കെയാണ് പേരുകൾ. FM എന്നാൽ ഫാം റ്റു മാർക്കറ്റ് റോഡ് എന്നാണർത്ഥം . ആ വഴികളിലൂടെ പോയാൽ നൂറുകണക്കിന് ഏക്കറുകളുള്ള പലതരം ഫാമുകളും അവിടെ കൃഷി ചെയ്യുന്ന അമേരിക്കൻ ഗ്രാമീണരെയും കാണാം. കുറെ കഴിഞ്ഞപ്പോൾ ഒരാൾപൊക്കമുള്ള പുല്ലുകൾ കൃഷിചെയ്യുന്ന വമ്പൻ കൃഷിയിടങ്ങൾ കണ്ടുതുടങ്ങി . മാടുകളെ വളർത്തുന്ന ഫാമുകളിലേക്കുള്ള പുല്ലുകളാണിത്. കൂറ്റൻ യന്ത്രങ്ങളുടെ സഹായത്തോടെ ഇതൊക്കെ വെട്ടിയെടുത്ത് ഉണക്കി വലിയ റോളുകളാക്കിയാണ് ഇവ വിതരണം ചെയ്യുന്നത്. പുല്ലു ഫാമുകൾ കണ്ടു മനസു മടുത്തു തുടങ്ങി. വഴിക്കിരുവശവും ഇപ്പോൾ അതുതന്നെയാണ്. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ഒട്ടകത്തിന്റെ ബന്ധുവായ ലാമകളെ വളർത്തുന്ന ഫാമുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രോമത്തിനു വേണ്ടിയാണത്രെ ഇവറ്റകളെ വളർത്തുന്നത്. എനിക്ക് വിശന്നു തുടങ്ങി. അങ്ങകലെ മലയാളത്തിൽ ‘ന’ എന്നെഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു ( McDonald’s ). ഒരു നാല് നില ബർഗർ കഴിച്ചതോടെ ഞാൻ ശാന്തനായി. അച്ചായൻ വീട്ടിൽ നിന്നും കൊണ്ടുവന്ന പാലുവെള്ളവും , റൊട്ടിക്കിടയിൽ ഇലതിരുകിയ സാൻഡ്‌വിച്ചും മാത്രമേ പുറത്തിറങ്ങിയാൽ കഴിക്കൂ .

ഞങ്ങളുടെ ഏജന്റ് ഒരു പെണ്ണാണ്. അവളാകട്ടെ അരമണിക്കൂർ ഇടവിട്ട് ഫോണിൽ വിളിച്ച് ഞങ്ങൾ വരുമെന്ന് ഉറപ്പുവരുത്തുന്നുണ്ട്. കാരണം അവളും ഞങ്ങൾ വരുന്നതുപോലെ കുറച്ചു അകലെ നിന്നുമാണ് വരുന്നത്. ഞങ്ങളെ സ്ഥലം കാണിച്ച ശേഷം ഇരുട്ടുന്നതിനു മുൻപ് അവൾക്ക് വീട് പറ്റേണ്ടതാണ്. ഏതാണ്ട് രണ്ടു മണിയോടെ ഞങ്ങൾ പ്രധാന വഴി പിന്നിട്ട് ഒരു FM റോഡിൽ പ്രവേശിച്ചു. അതോടെ ഇരുവശങ്ങളിലുമുണ്ടായിരുന്ന കാഴ്ചകൾക്ക് വ്യത്യാസം വന്ന് തുടങ്ങി. ഇപ്പോൾ ഫാമുകൾ ഒന്നും തന്നെയും കാണാനില്ല. ഇരുവശവും വെറും കാട് മാത്രം.

“അച്ചായോ ഗ്യാസ് ആവശ്യത്തിന് ഉണ്ടോ ?” ഞാൻ ചോദിച്ചു. കാരണം ഗ്യാസ്ബഡി ആപ്പിൽ അടുത്തുള്ള ഗ്യാസ് സ്റ്റേഷൻ “അത്രയ്ക്ക് അടുത്തല്ല കാണിക്കുന്നത് “.

Advertisements

“ഉണ്ട് . മുക്കാൽ ടാങ്ക് ഉണ്ട് ” അച്ചായൻ ആശ്വസിപ്പിച്ചു . GPS വെച്ച് ലൊക്കേഷൻ ഞാനൊന്ന് തിരഞ്ഞു. പാതയുടെ ഇരുവശവും സംരക്ഷിത വനമാണ്. നമ്മുടെ നാട്ടിലെ പോലെ ഇടതൂർന്ന വനമല്ല. രണ്ടു മരങ്ങൾ തമ്മിൽ രണ്ടു വീടുകൾ തമ്മിലുള്ള ദൂരമുണ്ട്. പക്ഷെ അതങ്ങു പരന്നു കിടക്കുകയാണ്. വാനനിരീക്ഷണത്തിനൊക്കെ പറ്റിയ സ്ഥലമാണ് , ഞാൻ ചിന്തിച്ചു. കാരണം ശബ്ദമില്ല, വെളിച്ചമില്ല, മലകളില്ല …….. ‘റ’ വലിപ്പത്തിൽ തന്നെ ആകാശം കാണുവാൻ സാധിക്കുന്നുണ്ട്. പെട്ടെന്നൊരു സൈൻ ബോർഡ് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എന്താണ് അതെന്ന് മനസിലായില്ല.

“അച്ചായോ ആ ബോർഡിൽ എന്തായിരുന്നു ? ” ഞാൻ ചോദിച്ചു. ” എടാ ഇത് കാടല്ലേ ഇവിടെ കുരങ്ങോ മറ്റോ ഉണ്ടെന്നാണ് എഴുതി വെച്ചിരിക്കുന്നത്”

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 2

അച്ചായാൻ ഒരു സാധാരണ അമേരിക്കൻ മലയാളിയാണ്. വീട് വിട്ടാൽ, പിള്ളേർ പഠിക്കുന്ന സ്‌കൂൾ, ഭാര്യ ജോലിചെയ്യുന്ന ഹോസ്പിറ്റൽ, വാൾമാർട്ട്, ഇന്ത്യൻ കട, മലയാളം കുർബാനയുള്ള പള്ളി, മലയാളി അസോസിയേഷന്റെ പരിപാടി നടക്കുന്ന ഹാൾ, പിന്നെ എയർപോർട്ട് ഇത്രയുമാണ് ആശാന്റെ അമേരിക്ക . അങ്ങേർക്ക് ഇടുക്കിയിൽ കാണുന്ന മൃഗങ്ങളൊക്കെ ഇവിടെയും ഉണ്ടെന്നാണ് വിശ്വാസം.

“കുരങ്ങും കോപ്പുമൊന്നുമല്ല …. വണ്ടി പുറകോട്ടെടുക്ക് നോക്കട്ടെ ” ഞാൻ മുരണ്ടു. എന്തായാലും അങ്ങേരു വണ്ടി സാവധാനം നിർത്തിയ ശേഷം പുറകോട്ട് ഉരുട്ടി. ഇപ്പോൾ എനിക്കാ ബോർഡ് വായിക്കാം.

Bigfoot Area | Stay on marked trails | Installed by Bigfoot field researchers organization, Texas.

“ഇതെന്ത് സാധനം ? ” സൈൻ ബോർഡിലുള്ള ആൾക്കുരങ്ങിന്റെ രൂപം കണ്ടശേഷം അച്ചായൻ എന്നെ നോക്കി.

“പറയാം വണ്ടി വിട്ടോ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നമ്മെക്കാൾ വലിപ്പമുള്ള കുരങ്ങു രൂപത്തിലുള്ള ഒരു ജീവിയാണ് ബിഗ് ഫുട്ട് . നമ്മുടെ ഹിമാലയൻ യതി പോലെ. ഇങ്ങനെയൊരു സാധനം ജീവനോടെ ഉണ്ടെന്ന് ചിലർ കരുതുന്നു. എന്നാൽ ജീവനോടെ ഒന്നിനെ കിട്ടിയിട്ടില്ല താനും. സൈൻ ബോർഡിന്റെ അർഥം ഇതാണ് ഈ ജീവിയെ നാം ഇപ്പോൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ കണ്ടിട്ടുള്ളതായി ചില റിപ്പോർട്ടുകൾ ഉണ്ട്. അതിനെക്കുറിച്ച് പഠിക്കുന്ന സംഘടനയാവാം ഈ ബോർഡ് ഇവിടെ കൊണ്ട് വെച്ചത്. “

“ആഹാ കൊള്ളാം ! ഫാം നോക്കാൻ പറ്റിയ സ്ഥലം !” അച്ചായൻ വെളുക്കെ ചിരിച്ചു. “അച്ചായാ നീണ്ടു വിശാലമായി കിടക്കുന്ന ഈ സ്ഥലങ്ങളിൽ ചില പോക്കറ്റുകളിൽ മാത്രമാണ് ആൾപ്പാർപ്പുള്ളത് . അവിടെ ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഇതുപോലെ പലതും തോന്നും”

“അത് ശരിയാടാ ….ഈ വെളുമ്പൻമാർക്കൊന്നും കുരിശുവരയൊന്നും കാണില്ല. അപ്പോൾ പലതിനെയും കാണും ” ഇതും പറഞ്ഞു സുറിയാനി ക്രിസ്ത്യാനി സ്വയം സമാധാനിച്ചു. വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി. വഴിക്കിരുവശവുമുള്ള മരങ്ങൾ സാവധാനം കുറഞ്ഞു വന്നു . ഇപ്പോൾ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പുൽമൈതാനങ്ങളാണ് ഇരു വശങ്ങളിലുമുള്ളത്.

“നോക്ക് …. അക്കാണുന്ന കുന്നിന്റെ നെറുകയിൽ ഒരു കരടിയോ മനുഷ്യനോ നിന്നാൽ നാം തെറ്റിദ്ധരിക്കും. കാരണം അതെന്ത് രൂപമാണെന്ന് നമ്മുക്ക് മനസിലാവില്ല” ഞാൻ വിസ്തരിച്ചു. “ഈ ഭാഗങ്ങളിൽ കരടി ഉണ്ടാവുമോ ? ” അച്ചായൻ ചോദിച്ചു. ” നോക്കട്ടെ ” ഞാൻ മൊബൈൽ എടുത്ത് ഒന്നു പരതി .

“ഇല്ല ഈ ഭാഗങ്ങളിൽ ഇല്ല ” ഞാൻ നിരാശനായി. അരമണിക്കൂർ കൂടി കടന്നു പോയതോടെ പുൽമൈതാനങ്ങൾ അവസാനിച്ചു. കാണുവാൻ തീരെ ഭംഗിയില്ലാത്ത വരണ്ട പ്രദേശങ്ങളാണ് ഇപ്പോൾ കാണുന്നത്. അപ്പോഴേക്കും ഏജന്റ് പെണ്ണ് വീണ്ടും ഫോൺ വിളിച്ചു. ഞങ്ങളുടെ ലൈവ് ലൊക്കേഷൻ അയച്ചു കൊടുത്തിരുന്നതിനാൽ ഇനി ഏതാനും മിനിറ്റുകൾ കൊണ്ട് ഞങ്ങൾ ഫാമിൽ എത്തിച്ചേരും എന്നവൾ അറിയിച്ചു. FM റോഡിൽ നിന്നും FM ഓ AM ഓ അല്ലാത്ത മറ്റൊരു ഊടുവഴിയിലേക്ക് വണ്ടി പ്രവേശിച്ചു. കുറച്ചകലെ ഒരു വണ്ടിയുടെ ബോണറ്റിൽ സുന്ദരിയായ ഏജന്റ് പെണ്ണ് കാലും പൊക്കി കിടപ്പുണ്ട്. ഞങ്ങളുടെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൾ തോൾ ഉയർത്തി നോക്കി കൈ കാണിച്ചു. കഴിഞ്ഞ കുറെ മണിക്കൂറിനുള്ളിൽ ഞങ്ങൾ കാണുന്ന ആദ്യ മനുഷ്യക്കോലമാണ് അവൾ.

ഞങ്ങളുടെ വാഹനം സാവധാനം അവളുടെ വണ്ടിയുടെ അടുത്തെത്തി നിന്നു . ഒരു കിളവനെയും, മറ്റൊരു മൊട്ടയെയും കൂടെ ഒരുമിച്ച് കണ്ടപ്പോൾ കച്ചവടം എങ്ങിനെയും നടക്കും എന്ന് തോന്നിയ ഏജന്റ് പെണ്ണ് ആവേശത്തോടെ ഓടി വന്ന് ഡോർ തുറന്ന് തന്ന് ഞങ്ങളെ വരവേറ്റു. ഞാൻ ഇരുപത് പല്ലുകൾ വരെ എണ്ണികഴിഞ്ഞപ്പോഴേക്കും അവൾ വായ അടച്ചു കളഞ്ഞു.

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 3

ഏതാണ്ട് നൂറ് ഏക്കറുകളോളം വരുന്ന ഒരു ഫാമാണ് അത് . ഫാമിന്റെ ഒരു മൂലയിൽ രണ്ടു നിലകളുള്ള ചെറിയൊരു തടി വീട്. രണ്ടാം നില വിശാലമായ ഒരൊറ്റ മുറിയാണ്. നേരത്തെ ഉണ്ടായിരുന്നവർ ലോക്കൽ മീറ്റിങ്ങുകൾ ഇവിടെ വെച്ച് നടത്തിയിരുന്നു. വീടിന്റെ പുറകിലാണ് വിശാലമായ ഫാം കിടക്കുന്നത്. ആകെ 12 ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കുകളിലും അത്രയും തന്നെ കുളങ്ങളും തൊഴുത്തുകളും ഉണ്ട്. ആടുകളും, മാടുകളുമാണ് പ്രധാന കൃഷി. ഇതിൽ ഒന്ന് രണ്ട ബ്ലോക്കുകൾ മോഡിഫൈ ചെയ്‌താൽ പക്ഷികളെയും ഇടാം. ഇപ്പോൾ നോക്കാൻ ആരും ഇല്ലാത്തതിനാൽ സകലതും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. ആവശ്യത്തിന് പുല്ലും, വെള്ളവും ഉള്ളതിനാൽ കൂടുതൽ ശ്രദ്ധയുടെ ആവശ്യമില്ല. കുത്തിവെപ്പുകൾ എല്ലാം സമയത്ത് എടുത്തതിന്റെ രേഖകൾ പെങ്കൊച്ച് അച്ചായന്റെ മുൻപിലേക്ക് എടുത്ത് വീശുന്നത് കണ്ടു. പുറത്തിറങ്ങിയ ജോസപ്പ് മൂപ്പൻ നിലത്തു നിന്നും കുറച്ച് മണ്ണെടുത്ത് മണത്തു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. താൻ വലിയ മണ്ണ് വിദഗ്‌ദനാണെന്ന് ചെമ്മീൻ പോലെ തെറിച്ചു നിൽക്കുന്ന ആ പെണ്ണിനെ അറിയിക്കുവാനുള്ള ശ്രമമാണ്.

മെക്സിക്കൻ അതിർത്തിയിൽ നിന്നും വളരെ ദൂരെയല്ലാത്ത ഒരു സ്ഥലത്താണ് ഫാം സ്ഥിതി ചെയ്യുന്നത്. ഇത്തരം എട്ടോളം ഫാമുകൾ ഈ ഭാഗത്തുണ്ട്. അതിൽ നാലെണ്ണത്തിൽ മാത്രമാണ് സ്ഥിരമായി ആള് ഉള്ളത്. എല്ലാം തന്നെ രണ്ടാൾ പൊക്കമുള്ള വേലികൾ കൊണ്ട് തിരിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട് . പത്തു പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്‌താൽ ഏറ്റവും അടുത്തുള്ള ജനവാസമുള്ള ഫാമിൽ എത്തിച്ചേരാം. ഒരു ഭാര്യയും , ഭർത്താവും അവരുടെ മുതിർന്ന രണ്ട് ആൺകുട്ടികളുമാണ് അവിടെയുള്ളത്. ഇവിടുത്തെ കർഷകശ്രീ അവാർഡൊക്കെ വാങ്ങിയ പുലികളാണ് അവരെന്ന് ഏജന്റ് കാത്തു (കാതറീൻ ) പറഞ്ഞു. ഫാമിന്റെ ഒരു ഭാഗത്തുകൂടി ഒരു സർക്കാർ കനാൽ പോകുന്നുണ്ട്. അതിനാൽ വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസങ്ങളിൽ ആ ഭാഗത്ത് വെള്ളം കയറുവാൻ സാധ്യതയുണ്ടെന്ന് സ്ഥലത്തിന്റെ വിശദമായ മാപ്പ് കാണിച്ചുകൊണ്ട് അവൾ വിശദീകരിച്ചു. ഒരു കാലത്ത് ആ കനാലുവഴി ഒട്ടനവധി മെക്സിക്കൻ കുടിയേറ്റക്കാർ വന്നിരുന്നത്രെ! ഇപ്പോൾ പക്ഷെ അതൊക്ക നിന്നു . ഫാമിനകത്തുകൂടെ അരമണിക്കൂറോളം വണ്ടിയോടിച്ചു ശേഷം ഞങ്ങൾ തിരികെ പോകുവാൻ ഒരുങ്ങി. കാത്തുവിന്റെ ഓഫീസ് ഗ്രീൻവില്ലെ എന്ന സ്ഥലത്താണ്. ഇന്നേതായാലും അങ്ങോട്ട് പോക്ക് നടക്കില്ല . അടുത്ത ദിവസങ്ങളിൽ എത്താം എന്ന ഉറപ്പ് കൊടുത്ത ശേഷം അവളോട് പൊയ്ക്കൊള്ളുവാൻ ഞങ്ങൾ പറഞ്ഞു. അവളും പക്ഷെ ധൃതിയിൽ ആയിരുന്നു. നേരം മങ്ങിത്തുടങ്ങി. ഈ ഭാഗത്ത് അവളും ആദ്യമായി ആണ് വരുന്നത്. വീട് പൂട്ടി താക്കോലെടുത്ത ശേഷം അവൾ വണ്ടിയിൽ കയറി ഇരുന്നു. തൊട്ടടുത്ത ഫാം വരെ പോയാൽ ഈ ഭാഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും എന്ന് പറഞ്ഞ ശേഷം കാത്തു ഞങ്ങളോട് ബൈ പറഞ്ഞു പിരിഞ്ഞു.

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 4

ഞങ്ങൾ വീണ്ടും അവിടൊക്കെ ഒന്നുകൂടി നടന്നു കണ്ടു . കുറെ ഫോട്ടോകൾ എടുത്തു. വല്ലാത്ത നിശബ്ദത. “ഇവിടെങ്ങിനെ ഒറ്റയ്ക്ക് താമസിക്കും ? ” ഞാൻ ചോദിച്ചു. ” രാത്രിയായാൽ ഭ്രാന്തു പിടിക്കില്ലേ ?”

“അതല്ലേ രസം ! ” അച്ചായൻ മോണകാട്ടി ചിരിച്ചു. ” ഇനി തിരിച്ചു പോകാം ഇരുട്ടി തുടങ്ങി. ഒന്നാമതേ പരിചയമില്ലാത്ത സ്ഥലം . ഇനി നീ പറഞ്ഞ ആ സാധനം വല്ലതും വഴിയിൽ കണ്ടെങ്കിലോ ? ” ജോസപ്പ് അച്ചായൻ ചുണ്ട് വക്രിച്ച് കാണിച്ചുകൊണ്ട് ചിരിച്ചു.

“അതുണ്ടാവില്ല പക്ഷെ കുഴപ്പക്കാരായ ഒന്ന് രണ്ട് വോൾഫ് പാക്കുകൾ (ചെന്നായ കൂട്ടം ) ഈ ഭാഗത്തുള്ളതായി ഞാൻ വരുന്ന വഴി മൊബൈലിൽ വായിച്ചു. അതുകൊണ്ട് വേഗം വണ്ടിയിൽ കയറി സ്ഥലം വിടാം. വല്ലതും സാധിക്കാനുണ്ടെങ്കിൽ ഇപ്പോൾ തീർത്തോണം. വഴിയിൽ ഇറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട ” ഞാൻ ഓർമ്മിപ്പിച്ചു.

“നീ അപ്പറഞ്ഞത് ന്യായം. അപ്പോൾ നമ്മുക്ക് അടുത്തുള്ള മറ്റേ ഫാം മുതലാളിമാരെ കാണേണ്ടേ ? “

“ഇന്നിനി വേണ്ട. ഇത്രയും ഇരുട്ടിയില്ലേ? അല്ലേലും രാത്രിയിൽ എങ്ങനാ ഒരു വീട്ടിലോട്ട് കയറി ചെല്ലുന്നത് ? ഞാൻ ചോദിച്ചു. ” ഗൂഗിളിൽ മറ്റൊരു വഴികൂടി കാണിക്കുന്നുണ്ട്. ദൂരക്കൂടുതൽ ആണ്. ഒരു പക്ഷെ വഴി കുറച്ചുകൂടി മെച്ചമുണ്ടാവും. പോയി നോക്കിയാലോ ? ഞാനൊരു നിർദേശം വെച്ചു .

“ഏതുവഴി വേണമെങ്കിലും പോകാം. അല്ലേലും ഇനി അതും കൂടി പഠിച്ചു വെക്കുന്നത് നല്ലതാണല്ലോ ”

അങ്ങിനെ ഞങ്ങൾ മറ്റൊരു വഴിയേ തിരിച്ചുള്ള യാത്ര ആരംഭിച്ചു. ഫാമിൽ നിന്നിറങ്ങി രണ്ട് വളവുകൾ കഴിഞ്ഞുള്ള പിരിവു വഴിയാണ് ഇനി പോകേണ്ടത്. വഴി അത്ര മെച്ചമൊന്നും അല്ല. നേരം രാത്രിയും , പകലുമല്ല . കുറച്ചകലെ എട്ടു പത്ത് മാനുകൾ മേയുന്നത് എന്റെ കണ്ണിൽ പെട്ടു . വണ്ടി അടുത്തെത്തിയിട്ടും അവറ്റകൾ ഓടി മാറുന്നില്ല. “പുള്ളിമാനുകൾ !!! ” ഞാൻ അത്ഭുതം കൊണ്ട് വിളിച്ചു കൂവി. നമ്മുടെ നാട്ടിൽ കാണുന്ന അതെ ഇനം പുള്ളിമാനുകൾ ! ഇവിടാണെങ്കിൽ ഈ ഇനം ഇല്ലെന്ന് എനിക്കുറപ്പുണ്ട്. ഇനി ആരെങ്കിലും വളർത്തുന്നതാവുമോ ? സംശയം വന്നാൽ അപ്പൊൾ തന്നെ ഗൂഗിൾ എടുത്ത് തിരയണം. ആഹാ.. വിക്കിയിൽ തന്നെ കിടപ്പുണ്ട്. ഇത് നമ്മുടെ ഇന്ത്യൻ മാനുകൾ തന്നെ ! ഇവിടെ കൊണ്ടുവന്ന് വിട്ടതാണ്. കുറെ എണ്ണം ഇവിടെ സർവൈവ് ചെയ്തു. അതിലൊരു കൂട്ടമാണ് ഞങ്ങളുടെ മുന്നിൽ നിന്നും മേയുന്നത്. പ്രകാശം തീരെയില്ല . മൊബൈലിൽ എടുത്ത ഫോട്ടോയിൽ ഒന്നും കാണ്മാനില്ല. ഞാൻ നിരാശനായി. എങ്കിലും രസകരമായ ഒരു അപൂർവ കാഴ്ചകണ്ടത്തിൽ എനിക്ക് സന്തോഷം തോന്നി.

വണ്ടി വീണ്ടും മുന്നോട്ട്. ഇപ്പോൾ വലതു വശത്ത് നല്ല വനമാണ്. അവിടെ കൂരിരുട്ടാണ്. അകത്ത് എന്താണുള്ളതെന്ന് കണ്ടുകൂടാ. ഇടതു വശത്താകട്ടെ വിശാലമായ പുൽമൈതാനം . അവിടെ ഏതെങ്കിലും മൃഗങ്ങൾ മേയുന്നുണ്ടോ ? ഞാൻ ആകാക്ഷയോടെ പുറത്തേക്ക് നോക്കിയിരുന്നു. ആകാശത്ത് അർദ്ധചന്ദ്രൻ നിലാവ് തുറന്നു. അനന്തവിശാലമായ ആകാശവും അതിനു കീഴെ പച്ചപ്പരവതാനിപോലെ കിടക്കുന്ന പുൽമൈതാനവും ! അച്ചായൻ സാമാന്യം വേഗത്തിലാണ് വണ്ടി ഓടിക്കുന്നത്. പൊടുന്നനെ എന്തിലോ ചെന്ന് ഇടിച്ചമാതിരി വണ്ടി വലിയൊരു ശബ്ദത്തോടെ നിന്നു .

സത്യത്തിൽ വണ്ടി ഇടിച്ചതായിരുന്നില്ല. ചക്രങ്ങൾ എന്തിലോ പുതഞ്ഞു നിന്നതാണ് . അടുത്ത നിമിഷം അച്ചായൻ വലിയൊരു അബദ്ധം കാണിച്ചു. ആക്സിലറേറ്ററിൽ ചവിട്ടിയൊരു പിടുത്തം. വണ്ടി ഒരിഞ്ചു മുന്നോട്ട് നീങ്ങിയില്ലെന്ന് മാത്രമല്ല പുറകിലെ ഗ്ലാസ്സിൽ മുഴുവനും കട്ടചെളിവന്നു പതിക്കുകയും ചെയ്തു. ഫാമുകളിലേക്കുള്ള വലിയ യന്ത്രങ്ങൾ കൊണ്ടുപോകുന്ന വഴിയാണിത്. ടാറൊക്കെ പൊട്ടിപ്പൊളിഞ്ഞു വെള്ളവും കെട്ടിക്കിടന്ന് നല്ലൊരു ചതുപ്പായി മാറിയിട്ടുണ്ട്. ഇപ്പോൾ കാണിച്ച മണ്ടത്തരം കാരണം കാർ കൂടുതൽ ചെളിയിലേക്ക് താഴുകയും ചെയ്തു. സത്യത്തിൽ കുടുങ്ങി !

ചെളിയിൽ അസാമാന്യമായ വിധത്തിൽ താഴ്ന്നുപോയതിനാൽ ഡ്രൈവിങ് സീറ്റിലെ ഡോർ പുറത്തേക്ക് തുറക്കാനാവുമായിരുന്നില്ല. അതിനാൽ ഞാൻ സാവധാനം വാതിൽ തുറന്ന് താഴേക്ക് നോക്കി. നല്ല ഒന്നാന്തരം ചേറിലാണ് ഞങ്ങൾ കുടുങ്ങിയിരിക്കുന്നത്. കാൽ വെളിയിൽ എടുത്തു വെച്ചാൽ മുട്ടറ്റം ചെളിയിൽ പൂണ്ടുപോകും!

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 5

“നിന്റെ ഗൂഗിളിൽ ഈ ചെളിയുടെ കാര്യം പറഞ്ഞിരുന്നോ ? ”

കിളവൻ പുച്ഛത്തോടെ എന്നോട് ചോദിച്ചു.

“അമേരിക്കയിലെ ഏറ്റവും മോശം കൗണ്ടിയാണിത്” ഞാൻ കുറ്റം സർക്കാരിന് മേൽ ചാർത്തി. “അല്ല അതെന്താണ് ? ”
ഞാൻ മുന്നോട്ട് വിരൽ ചൂണ്ടി. കുറച്ചകലെ മറ്റൊരു വണ്ടിയും ചെളിയിൽ കുടുങ്ങി കിടപ്പുണ്ട്.

” അതാ കാത്തുവിന്റെ വണ്ടിയല്ലേ ? ” ഞങ്ങൾ അത്ഭുതപ്പെട്ടു. ആണ് , അവൾ പുറത്തിറങ്ങി കൈവീശി കാണിക്കുന്നുണ്ട്. ” നീ ചെന്ന് അവളോട് കാര്യം ചോദിക്ക് ” അച്ചായൻ ഉപദേശിച്ചു. ” ആദ്യം ഷൂസ് ഊരിവെച്ചിട്ട് കാലെടുത്ത് വെച്ചാൽ മതി . അല്ലെങ്കിൽ അതും കിട്ടില്ല ”

ഞാൻ പാന്റ് മുകളിലേക്ക് വലിച്ചു കയറ്റി, ഷൂസ് രണ്ടും ഊരിവെച്ചിട്ട് പതുക്കെ വെളിയിലേക്കിറങ്ങി. ആദ്യ ചുവട്ടിൽ തന്നെ കാൽ മുട്ടോളം താഴ്ന്നു . രണ്ടാമത്തെ കാലും അതേപോലെ താഴ്ന്നതോടെ ആദ്യം വെച്ച കാൽ കൈകൊണ്ട് വലിച്ചൂരി എടുക്കേണ്ടി വന്നു. ഒരു വിധത്തിൽ ഞാൻ തൊട്ടടുത്തുള്ള പുൽമേട്ടിൽ നീന്തി വലിഞ്ഞു കയറി. കാലിലെ ചെളി മുഴുവനും പുല്ലിൽ തേച്ചശേഷം കാത്തുവിന്റെ അടുക്കലേക്ക് നടന്നു. സത്യത്തിൽ ഞാൻ വളരെ അടുത്തെത്തിയപ്പോഴാണ് ഇത് ഞങ്ങളുടെ വണ്ടിയാണ് പുറകിൽ വന്നതെന്ന് അവൾ തിരിച്ചറിഞ്ഞത്.

“നീ ഇങ്ങനെ പുറത്തിറങ്ങി നിൽക്കുന്നത് സേഫ് അല്ല” ഞാൻ മൊഴിഞ്ഞു.

” ഒരു വണ്ടി വരുന്നത് കണ്ടിട്ട് ഇങ്ങോട്ട് വരരുത് എന്ന് പറയുവാൻ വേണ്ടി ഇറങ്ങിയതാണ് ”

അച്ചായന് ഇതിനുമാത്രം ദൂരെക്കാഴ്ചയൊന്നും ഇല്ലെന്ന് എനിക്കറിയാമായിരുന്നു. അവളുടെ വണ്ടിയും ഏതാണ്ട് കാൽ ഭാഗത്തോളം ചെളിയിൽ ആണ്ടുപോയിട്ടുണ്ട്. ഞങ്ങൾ കാണിച്ച അതെ അബദ്ധം അവളും കാണിച്ചു. ആ വണ്ടിയുടെ പുറകിൽ മുഴുവനും ചെളി തെറിച്ച് വൃത്തികേടായിരുന്നു.

“നീ ഏതെങ്കിലും ലിഫ്റ്റ് കമ്പനികളുടെ ഇൻഷുറൻസ് എടുത്തിട്ടുണ്ടോ ? ” ഞാൻ ചോദിച്ചു. ” കഴിഞ്ഞ മാസം വരെ ഉണ്ടായിരുന്നു. പിന്നെ പുതുക്കിയില്ല. പക്ഷെ അതല്ല പ്രോബ്ലം” അവൾ പറഞ്ഞു.

“ഏതെങ്കിലും ലിഫ്റ്റ് സർവീസിലേക്ക് വിളിച്ചാൽ പോരെ ? അവർ വന്ന് കെട്ടിവലിച്ചു കയറ്റില്ലേ ? ” ഞാൻ ചോദിച്ചു. ” അതാണ് പ്രശ്‌നം . ഇവിടെ മൊബൈൽ റേഞ്ച് ഇല്ല !” . ങേ !! ഞാൻ അന്തംവിട്ടു. പണിയായല്ലോ . ഇതുവഴി രാത്രിയിൽ ഒരു സൈക്കിള് പോലും വരാൻ സാധ്യതയില്ല താനും.

“എന്തായാലും താക്കോലും മറ്റും എടുത്ത് അങ്ങോട്ട് വാ . ഇവിടെ ഒറ്റയ്ക്ക് നിൽക്കേണ്ട ” ഞാനത് പറയും മുൻപേ അവൾ ഞങ്ങളുടെ വണ്ടി ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു. ഇതിനിടെ അച്ചയാൻ പണിപ്പെട്ട് ഞാനിറങ്ങിയ വാതിൽ വഴി പുറത്തിറങ്ങി ചെളിയുമായി മല്ലയുദ്ധം സമാരംഭിച്ചിരുന്നു . ഞങ്ങളുംകൂടി ഓടിച്ചെന്ന് അദ്ദേഹത്തെ വലിച്ച് പുല്ലിലേക്ക് ഇട്ടു. ഒരു വിധത്തിൽ നിവർന്ന് നിന്ന അച്ചായൻ ഉടൻ തന്നെ മൊബൈൽ എടുത്ത് മൊബൈൽ ലിഫ്റ്റ് കമ്പനിയെ വിളിച്ചു തുടങ്ങി.

“അച്ചായോ ഇവിടെ റേഞ്ച് ഇല്ല ” ഞാൻ പറഞ്ഞു. ” അയ്യോ! ഇല്ലേ ? ഇനി എന്ത് ചെയ്യും ? ” ജോസപ്പ് അച്ചായൻ വിരണ്ടു. ” ഇത് വഴി പോലീസ് വരാൻ സാധ്യത ഉണ്ടോ ? ” ഒരു സാധ്യതയുമില്ല ” കാത്തു പറഞ്ഞു. “കൂടി വന്നാൽ പത്തോ അമ്പതോ ആളുകളേ ഇതിനപ്പുറത്തേക്ക് താമസമുള്ളൂ . പോലീസ് അബദ്ധത്തിൽ പോലും ഈ വഴി വരില്ല ”

” നീ ഇതുവഴി തന്നെയല്ലേ ഇങ്ങോട്ട് വന്നത് ? ” ഞാൻ കാത്തുവിനോട് ചോദിച്ചു. ” അതെ. പക്ഷെ അപ്പോൾ ഇവിടെ കുഴപ്പം ഇല്ലായിരുന്നു. അതിനു ശേഷം അതുവഴി വലിയ ഭാരമുള്ള എന്തോ വണ്ടി പോയിട്ടുണ്ട്. അത് ഇവിടെ താഴുകയും ചെയ്തു. അവർ എങ്ങിനെയോ ഇവിടെ നിന്നും രക്ഷപെട്ടു കാണണം. അവരുണ്ടാക്കിയ കുഴിയിലാണ് ഇപ്പോൾ നമ്മൾ പെട്ടിരിക്കുന്നത് ”

“ജൂലിയസ് … ഇവിടെ ചെന്നായ്ക്കളുണ്ട്. ” അവൾ പറഞ്ഞു. “അറിയാം . നിനക്കെങ്ങിനെ പിടികിട്ടി ? ” ഞാൻ ചോദിച്ചു. “കുറച്ചു മുൻപ് എന്തോ ഒന്ന് ഓരിയിടുന്ന ശബ്ദം കേട്ടു. ഇവറ്റകൾ കൂട്ടം കൂടി ഒരു കൊച്ചിനെ ആക്രമിച്ചു കൊന്ന വാർത്ത പണ്ട് ഞാൻ വായിച്ചിട്ടുണ്ട്. ” അവൾ മറുപടി പറഞ്ഞു.

“പേടിയുണ്ടോ ” അച്ചായൻ അവളോട് ചോദിച്ചു. ” തീർച്ചയായും! ഇപ്പോൾ നിങ്ങളെ കണ്ടതുകൊണ്ട് കുറച്ചു ആശ്വാസം ഉണ്ട് ” അവൾ ചിരിച്ചു.

“ഒരു കാര്യം ചെയ്യാം കുറച്ചു മുന്നോട്ടോ പുറകോട്ടോ നടന്നാൽ മൊബൈലിന് റേഞ്ച് കിട്ടും. ആരും ഒറ്റക്കിവിടെ നിൽക്കേണ്ട . നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് നടക്കാം. എന്ത് പറയുന്നു ? ” ഞാൻ ഐഡിയാ പറഞ്ഞു.

“അതെ അതാണ് നല്ലത് ” എല്ലാവരും സമ്മതിച്ചു. വണ്ടി രണ്ടും പൂട്ടി എന്ന് ഉറപ്പാക്കിയ ശേഷം ഞങ്ങൾ പുൽ മൈതാനത്തിലൂടെ മുന്നോട്ട് നടന്നു. നല്ല തണുപ്പും കാറ്റുമുണ്ട് . കാറ്റടിക്കുന്ന ചെറിയ ശബ്ദമൊഴിച്ചാൽ വേറൊന്നും തന്നെ കേൾക്കാനില്ല. അങ്ങകലെ ചിതറിക്കിടന്നിരുന്ന ചെറുകല്ലുകൾ പൊടുന്നനെ ജീവൻ വെച്ച് ചാടി ഓടിത്തുടങ്ങി. നീളൻ ചെവികളുള്ള കാട്ടുമുയലുകളാണ് . വഴിയുടെ എതിർവശം നിറയെ മരങ്ങൾ നിറഞ്ഞ കൊടും വനമാണ്. അതിനുള്ളിൽ എന്തൊക്കെ ജീവികൾ ഉണ്ടാവാം ? ഞാൻ ആലോചിച്ചു. ഒട്ടും സേഫ് അല്ലാത്തൊരു സ്ഥലത്താണ് പെട്ടിരിക്കുന്നത്. റേഞ്ച് കിട്ടിയ ശേഷം അമേരിക്കൻ ഖലാസികളെ വിളിച്ചാലും അവരെത്തുവാൻ മണിക്കൂറുകൾ തന്നെ എടുത്തേക്കാം. ഞാൻ വീണ്ടും മൊബൈലിലേക്ക് നോക്കി. ഇല്ല ഇതുവരെയും റേഞ്ച് ആയിട്ടില്ല .

“നിനക്കറിയാമോ ഇവിടെ വലിയ ഒരുതരം കുരങ്ങുണ്ട് ” അച്ചായൻ കാത്തുവിനോട് പറഞ്ഞു. ” അറിയാം കുരങ്ങല്ല , മനുഷ്യനാണെന്നാണ് പറയുന്നത് …. ബിഗ് ഫുട്ട് ” കാത്തു പെട്ടന്ന് തന്നെ മറുപടി പറഞ്ഞു. “ഇതൊക്കെ ഉള്ളതാണോ ? ” അച്ചായൻ ചെറുതായൊന്ന് വിരണ്ടിട്ടുണ്ട് . ” അറിയില്ല … ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇവിടുള്ളവർ കണ്ടിട്ടുണ്ടെന്ന് പറയുന്നു. മനുഷ്യനെ ആക്രമിക്കാറില്ല. പക്ഷെ കണ്ടാൽ നാം പേടിച്ചു പോവുമത്രെ . നിങ്ങൾ കണ്ട ഫാമിന്റെ തൊട്ടടുത്തുള്ള ഫാമിലുള്ള ആ കുടുംബം ഇത്തരം ഒരെണ്ണത്തിനെ അവരുടെ ഏരിയായിൽ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് ” കാത്തു പ്രത്യേകിച്ചൊരു മുഖഭാവവും വരുത്താതെ പറഞ്ഞു.

“എടാ ഇവള് വെറുതെ തരാമെന്ന് പറഞ്ഞാലും ആ ഫാം നമ്മുക്ക് വേണ്ട കേട്ടോ ” അച്ചായൻ മലയാളത്തിൽ എന്നോട് പറഞ്ഞു . ” ഇതുകേട്ട കാതറീൻ ദേഷ്യപ്പെട്ടു. ” ദയവായി ഇഗ്ളീഷിൽ സംസാരിക്കുക. പ്രത്യേകിച്ച് ഈ അവസരത്തിൽ”

അച്ചായൻ സോറി പറഞ്ഞു തടിതപ്പി.

ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നടന്നപ്പോൾ മൊബൈൽ റേഞ്ച് ലഭിച്ചു. അച്ചായൻ ഖലാസികളെയും, കാത്തു പോലീസിനെയും വിളിച്ചു. വണ്ടി പൊക്കുന്നവർ ഇവിടെ എത്തുമ്പോഴേക്കും മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമെനാണു അറിയുവാൻ കഴിഞ്ഞത്. പോലീസിനെ കൂടി അറിയിക്കുവാൻ അവർ ജോസപ്പ് അച്ചായനെ ഉപദേശിച്ചു. കാത്തു പോലീസിനോട് സംസാരിച്ചതോടെ കാര്യങ്ങൾ കൂടുതൽ ഭീതിജനകമായി . അവളുടെ സേഫ്റ്റിക്ക് പോലീസ് ഞങ്ങൾ രണ്ടുപേരോടും ഫോണിൽ സംസാരിച്ച് ഞങ്ങളുടെ ഐഡന്റിറ്റിയും, മറ്റ് വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ചെന്നായ്ക്കളുടെ ആക്രമണം പതിവായ സ്ഥലമായതിനാൽ തിരിച്ചു ചെന്ന് കാറിൽ കയറി ഇരിക്കുവാൻ അവർ ഉപദേശിച്ചു. പോലീസ് ടീം എത്താനും ഒരു മണിക്കൂറിലേറെ സമയം വേണ്ടിവരും. ആർക്കെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ സഹായവും എത്തിക്കാമെന്ന് അവർ പറഞ്ഞു. എന്തായാലും വേറെ പ്രശ്നമൊന്നും തൽക്കാലം ഇല്ലെന്നും അതിനാൽ അവർ വരുന്നത് വരെയും ഞങ്ങൾ കാറിൽ തന്നെ ഇരുന്നുകൊള്ളാമെന്നും കാതറിൻ പൊലീസുകാരെ അറിയിച്ചു.

വളരെ വേഗം തന്നെ ഞങ്ങൾ തിരിച്ച് കാറിനടുത്ത് എത്തിച്ചേർന്നു. എല്ലാവർക്കും കൂടി ഒരുമിച്ച് ഞങ്ങളുടെ വണ്ടിയിൽ ഇരിക്കാം എന്ന് തീരുമാനമായി . കാതറിൻ പുറകിലും ഞങ്ങൾ മുൻപിലുമായി കാറിൽ സ്ഥാനം പിടിച്ചു. വണ്ടി ഓഫ് ചെയ്ത് ഗ്ലാസ്സുകൾ ചെറുതായി താഴ്ത്തി നിശബ്ദമായി ഞങ്ങൾ അതിനുള്ളിൽ ഇരുന്നു. കാർ ഓണാക്കുകയോ, പാട്ട് വെയ്ക്കുകയോ ചെയ്‌താൽ പുറത്തു നടക്കുന്നതൊന്നും അറിയില്ല എന്നതിനാലാണ് അങ്ങിനെ ചെയ്തത്. അച്ചായനും , കാത്തുവും സാവധാനം ഉറക്കത്തിലേക്ക് വഴുതി വീണു. ഞാനാകട്ടെ സ്വതസിദ്ധമായ ആകാക്ഷയോടെ വിശാലമായ പുൽമൈതാനത്തേക്ക് കണ്ണുംനട്ടിരുന്നു. അത്യാവശ്യം നിലാവുള്ളതിനാൽ സാമാന്യം നല്ല ദൂരത്തിൽ മൈതാനം എനിക്ക് കാണാമായിരുന്നു. അതിനുമപ്പുറം ഇരുട്ടിന്റെ തിരശീല വീണിരുന്നതിനാൽ കണ്ണുകൾ ഫോക്കസ് ചെയ്ത് കൂടുതൽ ഇരുട്ടിലേക്ക് നോക്കി .

പുൽമേടുകളിലെ ശൂന്യതയിലേക്ക് നോക്കി കണ്ണുകഴച്ച ഞാൻ ഒരു നിമിഷത്തേക്ക് തൊട്ടു മുൻപിലെ വഴിയിലേക്ക് ഒന്ന് നോക്കി. ഞങ്ങളുടെയും കാത്തുവിന്റെയും വണ്ടികളുടെ ഇടയിൽ എന്തോ ഒന്ന് നിൽപ്പുണ്ട്. അനങ്ങാതെ ഇരുട്ടിൽ നിൽക്കുന്ന ആ രൂപം ഒരു കരടിയോ, നായയോ ആവാം. ഒന്ന് രണ്ട് മിനിറ്റുകളോളം ഞാൻ അതിനെ തന്നെ സൂക്ഷിച്ചു നോക്കി. അപ്പോൾ അതിന്റെ ഏകദേശരൂപം എനിക്ക് പിടികിട്ടി. അതൊരു ചെന്നായ ആണ് !

തൊട്ടടുത്ത നിമിഷം വഴിയുടെ ഇടതുവശത്തുള്ള കാടിന്റെ അടിഭാഗം ചെറുതായൊന്ന് ഇളകി . നിമിഷങ്ങൾക്കുള്ളിൽ വലിയൊരു ചെന്നായ്കൂട്ടം ഇരു വണ്ടികളുടെയും ഇടയിൽ പ്രത്യക്ഷപ്പെട്ടു. ഉറങ്ങിക്കിടക്കുന്നവരെ വിളിക്കുവാൻ ഞാൻ ഒരുമ്പെട്ടില്ല. അത് ബുദ്ധിയല്ല. അവർ ശബ്ദം വെച്ചേക്കാം, അല്ലെങ്കിൽ വണ്ടി ഒന്ന് അനങ്ങിയേക്കാം. ഈ സമയം ഇക്കൂട്ടത്തിൽ കുറച്ചെണ്ണം വഴി ക്രോസ്സ് ചെയ്ത് വലതു വശത്തെ പുൽമൈതാനത്തേക്ക് കയറി. അപ്പോഴാണ് ഞാനവരെ ശരിക്കൊന്ന് കണ്ടത്. ഇത് ചെന്നായ്ക്കളല്ല മറ്റൊരു വർഗ്ഗമായ കയോട്ടുകൾ (കയോട്ടി) ആണ്. ചെന്നായ്ക്കളേക്കാൾ അൽപ്പം ചെറുതാണ് കയോട്ടുകൾ. (പക്ഷെ പിന്നീട് നടത്തിയ അന്വേഷണങ്ങളിൽ ഇവറ്റകൾ സങ്കരയിനമായ കോയിവൂൾഫുകൾ ആണെന്ന് പിടികിട്ടി ). ഇവറ്റകൾ മനുഷ്യരെ പൊതുവെ ആക്രമിക്കാറില്ല . എന്നാൽ കുട്ടികളുടെ നേർക്ക് ഇവറ്റകൾക്ക് നോട്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനാൽ തൽക്കാലം പേടിക്കാനില്ല. ഭീതി മാറിയതോടെ ഞാൻ ശബ്ദമുണ്ടാക്കാതെ അച്ചായനെയും, കാത്തുവിനെയും തോണ്ടി വിളിച്ചുണർത്തി. മുൻപിൽ നിൽക്കുന്ന ചെന്നായകൂട്ടത്തെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഞാൻ കാര്യങ്ങൾ വിശദീകരിച്ചതോടെ പേടിമാറി അവരും ആകാക്ഷയോടെ ആ കാഴ്ച നോക്കിക്കണ്ടു.

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 6

ഒന്നോ രണ്ടോ മിനിറ്റുകൾ വഴിയിൽ ചിലവഴിച്ചശേഷം അവറ്റകൾ നേരെ പുൽമൈതാനത്തിലേക്ക് കയറി. അവിടെയും അൽപ്പനേരം നിന്നു. എന്താവാം അവർ ചിന്തിക്കുന്നത് ? ഞാൻ ആലോചിച്ചു. എന്തായാലും തൊട്ടടുത്ത നിമിഷം എന്തോ വെളിപാട് കിട്ടിയത് പോലെ അവർ മൈതാനത്തിനപ്പുറമുള്ള ഇരുട്ടിലേക്ക് ഓടി മറഞ്ഞു. “ആ ജന്തുക്കൾ അവിടെ നിന്ന് ഇങ്ങോട്ട് നോക്കി എന്താണ് ചിന്തിച്ചതെന്ന് പറയാമോ? ” ഞാൻ അച്ചായനോട് ചോദിച്ചു.

“പുതിയ ഫാമിൽ നമ്മുക്ക് തിന്നാൻ വേണ്ട പക്ഷികളെയൊക്കെ ഇട്ട് വളർത്തുവാൻ വന്ന ആളാണ് ആ വണ്ടിയിൽ ഇരിക്കുന്നത് !” ഞാൻ പറഞ്ഞു. പക്ഷെ ഉദ്യേശിച്ച ചിരി മറുഭാഗത്തും നിന്നും ഉണ്ടായില്ല. അച്ചായൻ വീണ്ടും തലചായ്ച്ച് ഉറങ്ങുവാൻ കിടന്നു. കാത്തുവാകട്ടെ എന്നെപ്പോലെ തന്നെ പുറത്തെക്കും നോക്കി ഇരിപ്പുതുടങ്ങി. സമയം രണ്ടു മണിക്കൂറുകളോളം കഴിഞ്ഞിരിക്കുന്നു. പോലീസ് ഇതുവരെയും എത്തിയിട്ടില്ല.

“ഇരുന്നു മടുത്തു. നമുക്കൊന്ന് പുറത്തിറങ്ങി നിൽക്കാം” കാത്തു ഉപദേശിച്ചു. “ശരി ഞാനും മടുത്തു” ഇതും പറഞ്ഞുകൊണ്ട് ഞാനും അവളുകൂടി വണ്ടിയുടെ പുറത്തിറങ്ങി. ഒരു വിധത്തിൽ ചെളിയിൽക്കൂടി ചവുട്ടികുഴഞ്ഞു ഞങ്ങൾ വഴിയുടെ ഓരത്ത് എത്തിച്ചേർന്നു. വണ്ടിയുടെ അകം മുഴുവനും ഇതിനോടകം ഞങ്ങൾ ചെളി ചവുട്ടികയറ്റി കഴിഞ്ഞിരുന്നു. ഞങ്ങൾ ഫാമിന്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സാവധാനം പുൽമേട്ടിൽക്കൂടി മുന്നോട്ട് നടന്നു. കാത്തുവിന്റെ വണ്ടിയിൽ ഫ്ലാസ്ക്കിൽ കോഫിയും ഉണ്ടായിരുന്നു. അതും മോന്തിക്കൊണ്ട് തണുപ്പത്ത് ഇത്തരം വിജനതയിൽ ഒരു സുന്ദരിയുടെ കൂടെ വർത്തമാനവും പറഞ്ഞു ഇങ്ങനെ നടക്കുക ! ഒന്നാലോചിച്ചു നോക്കൂ . അങ്ങിനെ കെട്ടുപൊട്ടിയ പട്ടം മാതിരി ഞാനും അവളുകൂടി എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു. ഒരു പാവം വയസൻ കാറി കിടന്ന് ഉറങ്ങുന്നുണ്ടെന്ന കാര്യവും ഞാൻ മറന്നു. പെട്ടന്ന് കാത്തു എന്തോ കണ്ട്പേടിച്ച് ഒരൊറ്റ നിൽപ്പ് നിന്നു .

“എന്താണ് ? ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ജൂലിയസ് …. നിനക്കിത് വിശ്വസിക്കുവാൻ സാധിക്കുന്നുണ്ടോ ? ” അവൾ ദൂരേക്ക് വിരൽ ചൂണ്ടി. അങ്ങകലെ അവ്യക്തമായ വിജനതയിൽ എന്തോ ഒരു രൂപം! ” അതൊരു മരമല്ലേ ? ” ഞാൻ ചോദിച്ചു.

“അല്ല …. അത് നല്ല ഉയരമുള്ള ഒരു മനുഷ്യരൂപമാണ് ! ” കാത്തു ശബ്ദമടക്കി പറഞ്ഞു. ” അത് അനങ്ങുന്നത് ഞാൻ ഇപ്പോൾ കണ്ടതാണ്” ശരിയാണ് ഞാൻ സൂക്ഷിച്ചു നോക്കി. അത് ജീവനുള്ള എന്തോ ആണ് . ഒരു മനുഷ്യൻ ഒറ്റയ്ക്ക് ഇവിടെയിങ്ങനെ ഈ നേരത്ത് ഉണ്ടാവുമോ ? ഞാൻ ശങ്കിച്ചു. മുന്നോട്ട് പോയി അതെന്താണെന്ന് നോക്കിയാലോ? ഒരു പക്ഷെ മനുഷ്യനാണെങ്കിൽ നമ്മുക്ക് അയാളെയും അല്ലെങ്കിൽ അയാൾക്ക് നമ്മളെയും സഹായിക്കുവാൻ സാധിച്ചേക്കും. പക്ഷെ കാതറിൻ തടഞ്ഞു. “വേണ്ട അത് എന്താണെങ്കിലും അങ്ങോട്ട് പോവേണ്ട.” അവൾ പറഞ്ഞു. മൊബൈൽ കാറിനുള്ളിലാണ്. പക്ഷെ ഇത്രയും ദൂരെ ഇരുട്ടിൽ നിൽക്കുന്ന ഒരു രൂപം അതിൽ പതിയില്ല എന്ന ഉറപ്പാണ്. ഞാൻ തിരിഞ്ഞു കാറിലേക്ക് നോക്കിയപ്പോൾ അച്ചായനതാ ഓടി വരുന്നു ! ” എന്താ എന്തുപറ്റി ? ” ഞങ്ങൾ ഒരുമിച്ചാണ് ചോദിച്ചത്.

“എടാ കാറ് കിടക്കുന്നതിന്റെ അടുത്തുള്ള കാട്ടിൽ നിന്നും എന്തോ ശബ്ദം. എന്തോ അലറുന്നതുപോലെ ! ” അങ്ങേര് പേടിച്ചരണ്ടാണ് പറഞ്ഞത്. ” ഹേയ് അത്രയും വലിയ മൃഗങ്ങളൊന്നും ഇവിടില്ല അച്ചായാ. ഒരു പക്ഷെ കാറ്റത്ത് മരങ്ങൾ തമ്മിൽ ഉരഞ്ഞതാകാനും വഴിയുണ്ട്. പക്ഷെ അതല്ല ഇപ്പോൾ പ്രശ്‌നം . ദേ അങ്ങോട്ട് നോക്ക്! ” ഞാൻ ദൂരേക്ക് ചൂണ്ടി.

ടെക്‌സാസിലെ ബിഗ് ഫുട്ടും, ഫാം കച്ചവടവും 7
Photo: Google

“ഈശോയെ ! എന്താണത്? മനുഷ്യനാണോ ? ” ജോസപ്പ് അച്ചായാൻ ഇപ്പോഴാണ് ശരിക്കും പേടിച്ചത്. ” അറിയില്ല പക്ഷെ ജീവനുള്ള എന്തോ ആണ്” ഞാൻ പറഞ്ഞു. ” നമ്മുക്കൊരുമിച്ച് അങ്ങോട്ട് പോയി നോക്കാം. എന്ത് പറയുന്നു ? ” ഞാൻ രണ്ടുപേരുമോടായി ആരാഞ്ഞു. “എടാ അത് നീ മുൻപ് പറഞ്ഞ ആ സാധനമാണോ ? ” അച്ചായൻ തിരിച്ചു ചോദിച്ചു. ” എന്ത് ! ബിഗ് ഫുട്ടോ ? ” ഞാൻ അന്തംവിട്ടു. സത്യത്തിൽ അങ്ങിനെയൊരു സാധ്യത ഞാൻ ആനിമിഷം വരെയും ആലോചിച്ചിരുന്നില്ല. ഞാൻ അകലെ ഇരുട്ടിൽ നിൽക്കുന്ന ആ രൂപത്തെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. നല്ല ഉയരമുണ്ട്. നീളൻ കൈകൾ . ഇരുട്ടിൽ അത് വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുവാൻ വയ്യ. “ഇനി ഇങ്ങനൊരു സാധനം ഇവിടുണ്ടോ ?” ഞാനുമൊന്ന് ശങ്കിച്ചു.

“ഹോയ് ! ! … ആരാണത് ! …. എന്തെങ്കിലും ഹെല്പ് വേണോ ? …… ” ഞാൻ കാട് വിറയ്ക്കും വിധം ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. പൊടുന്നനെ ആകെയൊരു നിശബ്ദത പരന്നു. തൊട്ടടുത്ത നിമിഷം ആ രൂപം പുറകിലേക്ക് മാറി ഇരുട്ടിൽ മറഞ്ഞു. ഞങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ടു നിന്നു . ” എടാ പോലീസ്, കാറിൽ നിന്നും പുറത്തിറങ്ങരുത് എന്നല്ലേ പറഞ്ഞത് . നമ്മുക്ക് തിരിച്ച് കാറിൽ കയറി ഇരിക്കാം. ” അച്ചായൻ പറഞ്ഞു. ” അവർ വരുമ്പോൾ നമ്മുക്ക് ഇക്കാര്യങ്ങളൊക്കെ പറയാം. അവർ അന്വേഷിക്കട്ടെ നാമെന്തിനാണ് ഇതിന്റെയൊക്കെ പുറകെ പോകുന്നത് ? ”

ശരിയാണ്. ഞാനും, കാത്തുവും അത് സമ്മതിച്ചു. ഞങ്ങൾ കാറിൽ കയറുവാനായി അതിവേഗം തിരികെ നടന്നു. കാറിനടുത്തെത്തിയപ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി. അതാ ആ രൂപം പഴയപടി അതെ സ്ഥലത്ത് ഇരുട്ടത് നിൽക്കുന്നു !!

“കാതറിൻ … നീയൊന്ന് തിരിഞ്ഞു നോക്ക് ….” ഞാൻ വിളിച്ചു പറഞ്ഞു. തിരഞ്ഞു നോക്കിയ അവൾ ഞെട്ടിത്തരിച്ച് നിന്നു. ” ഓഹ് … ജീസ് ………….. എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല ! ”

“നോക്കി നിൽക്കാതെ കാറിൽ കയറ് ” അച്ചായൻ അലറി. എന്നാൽ ഞങ്ങൾ കാറിൽ തിരിച്ചു കയറും മുൻപ് തൊട്ടടുത്ത കാട്ടിൽ നിന്നും വലിയൊരു അലർച്ച കേട്ടു. മരങ്ങൾ നന്നായി ഇളകുന്നുമുണ്ട്. പേടിച്ചു വിരണ്ടുപോയ കാത്തു ഞങ്ങൾ കാറിൽ ഇങ്ങോട്ടേയ്ക്കെത്തിയ അതെ വഴിയിലൂടെ തിരിച്ചോടി .

“കാത്തൂ …. നിൽക്ക് ഓടരുത് ……… ഇവിടെ ഒന്നുമില്ല ! ” ഞാൻ ഉറക്കെ അലറി. പക്ഷെ അവൾ അതൊന്നും കേൾക്കാത്ത മാതിരി ഫുൾ സ്പീഡിൽ ഓടുകയാണ്.

“നോക്കി നിൽക്കാതെ അവളുടെ പുറകേ പോടാ ….. ഒരു പെണ്ണ് ഒറ്റയ്ക്കാണ് പോയിരിക്കുന്നത് ……” അച്ചായൻ എന്നോട് കയർത്തു. ” എന്നെ നോക്കേണ്ട ഞാൻ പുറകെ ഓടിയെത്താം ”

ഇത് കേട്ടതോടെ ഞാനും എന്റെ പുറകെ ജോസപ്പ് അച്ചായനും അവൾ പോയ വഴിയിലൂടെ രണ്ടും കൽപ്പിച്ച് ഓടി. ഞങ്ങൾ കാറോടിച്ച് വന്ന വഴിയിലൂടെയാണ് അവൾ തിരിഞ്ഞോടിയിരിക്കുന്നത്. നിലാവുള്ളതിനാൽ വഴി നന്നായി കാണാം. രണ്ടു വളവ് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഗ്യാസ് തീർന്നു. തൊട്ടു മുന്നിൽ കാതറീനും ശ്വാസമെടുക്കുവാൻ വയ്യാതെ അണച്ചു നിൽപ്പുണ്ട്. അരമിനിറ്റിനുള്ളിൽ അച്ചായനും ഒരുവിധത്തിൽ അവിടെ എത്തിച്ചേർന്നു. കുറച്ചു നേരത്തെക്ക് ആർക്കും ഒന്നും ഉരിയാടാനാവുമായിരുന്നില്ല. അൽപ്പം കഴിഞ്ഞ ശേഷം കാത്തു പറഞ്ഞു. “ഇനി പോക്കറ്റിൽ നമ്മൾ കണ്ട ഫാം ഹൌസിന്റെ താക്കോലുണ്ട്. ഒരു അരമണിക്കൂർ വേഗത്തിൽ നടന്നാൽ ഒരു പക്ഷെ നമ്മുക്ക് അവിടെ എത്തിച്ചേരാം. ഇനി ഏതായാലും പോലീസ് വരാതെ ഞാൻ കാറു കിടക്കുന്ന സ്ഥലത്തേക്കില്ല ”

അത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി. ഞാൻ ഒരു നിമിഷം ചെവി വട്ടം പിടിച്ചു. തൊട്ടടുത്ത കാട്ടിലേക്ക് സൂക്ഷിച്ചു നോക്കി വിശദമായ ഒരു നിരീക്ഷണം നടത്തി. എന്നിട്ട് ഉറക്കെ പറഞ്ഞു.

“എന്തായാലും പോലീസ് ഉടനെ വരും. നമ്മുക്ക് ആ വീട്ടിൽ പോയി വിശ്രമിക്കാം”

അതിനു നീയെന്തിനാണ് വിളിച്ചുകൂവുന്നത് ? അച്ചായൻ ദേഷ്യപ്പെട്ടു. അങ്ങിനെ ഞങ്ങൾ ഫാം ലക്ഷ്യമാക്കി തിരിച്ചു നടന്നു. അരമണിക്കൂർ എന്ന് കാണിക്കുകൂട്ടിയെങ്കിലും ഒരു മണിക്കൂറിനു മുകളിൽ സമയമെടുത്തിട്ടും ഞങ്ങൾ ഫാമിനടുത്തു പോലും എത്തിയില്ല. മൂവരുടെയും തൊണ്ടവരണ്ട് ചുണ്ടുകൾ പരസ്പ്പരം ഒട്ടിപ്പിടിച്ചു. അവസാനം എത്രനേരം എടുത്തുവെന്നറിയില്ല ഞങ്ങൾ ഒരുവിധത്തിൽ ഫാമിൽ എത്തിച്ചേർന്നു. ഇരുട്ടത്ത് തപ്പിത്തടഞ്ഞു ലോക്ക് തുറന്ന് അകത്തുകയറി ലൈറ്റുകൾ ഇട്ടു കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. രണ്ടു കുടം വെള്ളമെങ്കിലും ഞാൻ കുടിച്ചിട്ടുണ്ടാവും. കാത്തു ഒരു കസേരയിലും, അച്ചായൻ ഒരു കട്ടിലിലും നീണ്ടു നിവർന്നു കിടന്നു. എന്താണ്ട് പത്തുമിനിറ്റുകൾ കഴിഞ്ഞിട്ടുണ്ടാകും വലിയൊരു ട്രക്ക് വീടിന്റെ മുൻപിലെത്തി ഹോൺ മുഴക്കി.

ഞാൻ കതകു തുറന്ന് പുറത്തിറങ്ങി . വണ്ടിയിൽ നിന്നും മൂന്ന് പേർ പുറത്തെക്ക് ചാടിയിറങ്ങി.

“നിങ്ങളാണോ ജോസഫ് ? ” അവരിൽ ഒരാൾ ചോദിച്ചു. അത് കേട്ടുകൊണ്ട് അച്ചായൻ പുറത്തെക്കിറങ്ങി വന്നു.

“ഞാനാണ് ജോസഫ്. നിങ്ങൾ ആരാണ് ? ”

“തൊട്ടടുത്ത ഫാമിൽ താമസിക്കുന്നവരാണ്. നിങ്ങളുടെ വണ്ടി വഴിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് പോലീസ് വിളിച്ചു പറഞ്ഞു. ഞങ്ങൾ സഹായിക്കുവാൻ വന്നതാണ്”

“ജീസസ് ! യു ആർ ലേറ്റ് ! .. ” ഇതും പറഞ്ഞുകൊണ്ട് കാത്തു പുറത്തെക്കിറങ്ങി വന്നു .

“സോറി … ഇതൊരു പഴയ വണ്ടിയാണ്. .. പെട്ടന്ന് എടുക്കുവാൻ സാധിച്ചില്ല” നിങ്ങളുടെ കാറുകൾ എവിടാണ് കിടക്കുന്നത് ? നമ്മുക്ക് അങ്ങോട്ട് പോകാം ” അവർ പറഞ്ഞു.

ഞങ്ങൾ കൂടുതലൊന്നും ആലോചിച്ചില്ല . വീടുപൂട്ടി താക്കോലെടുത്ത് ഞങ്ങളും അവരുടെ കൂടെ വണ്ടിയിൽ പഴയ സ്ഥലത്തേക്ക് പോയി. ആരും നടന്നതൊന്നും അവരോട് പറഞ്ഞില്ല. കാരണം ഇതൊക്കെ ആദ്യമറിയേണ്ടത് പോലീസ് ആണ്. ഞങ്ങൾ കാറുകൾ കിടന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും പോലീസും , വണ്ടി പൊക്കിയെടുക്കുന്നവരും അവിടെ എത്തിയിരുന്നു . സേർച്ച് ലൈറ്റുകൾ ഒക്കെ പ്രകാശിപ്പിച്ച് അവിടമാകെ ഉത്സവപ്രതീതിയായിരുന്നു ഉണ്ടായിരുന്നത്. ഒരു വണ്ടിയിൽ ആകെ രണ്ടു പോലീസുകാരാണ് എത്തിയിരുന്നത്. രണ്ടു കാറുകളും പൊക്കിയെടുക്കാതെ അവർക്കും ഞങ്ങളെ തിരക്കി വഴിയുടെ മറു വശത്തേക്ക് വരുവാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാവാം അവർ തൊട്ടടുത്ത ഫാമിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞത്.

ഞങ്ങൾ എത്തിയപ്പോഴേക്കും കാത്തുവിന്റെ വണ്ടി വഴിയുടെ മറുഭാഗത്തേക്ക് അവർ വലിച്ച് അടുപ്പിച്ചിരുന്നു. പോലീസുകാരിൽ ഒരാൾ ഞങ്ങളുടെ അടുക്കലെത്തി കാര്യങ്ങൾ വിശദമായി തിരക്കി. കാത്തുവിനോട് ഞങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും മോശമായി ഉണ്ടായോ എന്നും പ്രത്യേകം ചോദിച്ചറിഞ്ഞു . ഇതെല്ലാം കഴിഞ്ഞു ഞങ്ങൾ അയാളൊട് ദൂരേക്ക് ചൂണ്ടി അവിടെ ഒരു മനുഷ്യരൂപം കണ്ടെന്നും, കൂടാതെ കാട്ടിൽ നിന്നും വല്ലാത്ത രീതിയിലുള്ള ശബ്ദം കേട്ടെന്നും വിശദമായി തന്നെ വിവരിച്ചു കേൾപ്പിച്ചു. ഞങ്ങൾ കണ്ടത് മനുഷ്യനാവാൻ തരമില്ലന്നും കരടിയോ, ബിഗ്ഫുട്ടോ ആവാമെന്നും അയാൾ പറഞ്ഞു.

“ഇവിടെ ഇങ്ങിനെ ഒരു ജീവി ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത് ? ഞാൻ ചോദിച്ചു.

“ജൂലിയസ് … ഇവിടെ ഇങ്ങനെ ഒരു ജീവി ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത് …… ഞങ്ങൾ അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് . പക്ഷെ വ്യക്തമായ ഫോട്ടോകളോ, വീഡിയോകളോ ഇതുവരെയും കിട്ടിയിട്ടില്ല. ഒരു പക്ഷെ നിങ്ങൾ കണ്ടത് അതാവാം എന്നാണ് ഞാൻ പറഞ്ഞത്.” അയാൾ വിശദീകരിച്ചു.

“പക്ഷെ അതൊരു മനുഷ്യനാണെന്ന് കരുതി അവിടെ ഒന്ന് തപ്പിക്കൂടെ ? ” കാതറിൻ ചോദിച്ചു.

“നിങ്ങളെ കാറിൽ കാണാതിരുന്നതിനാൽ ഞങ്ങൾ ആദ്യം ചെയ്തത് അതുതന്നെയാണ്. ഇവിടം മുഴുവനും നോക്കി. പക്ഷെ ഒന്നും കാണുവാൻ സാധിച്ചില്ല. ഈ കാണുന്ന ഗ്രാസ് ലാൻഡ് മെക്സിക്കൻ അതിർത്തിയും കഴിഞ്ഞു നീളുന്ന വലിയൊരു മേഖലയാണ്. അങ്ങോട്ടേയ്ക്ക് ഒരാൾ പോയാൽ തന്നെ തപ്പിയെടുക്കുക എളുപ്പമല്ല . പിന്നെ നിങ്ങൾ കേട്ട ശബ്ദം കോയിവൂൾഫുകൾ ഉണ്ടാക്കുന്നതാണ് . അവറ്റകളുടെ കുറച്ചു ഗ്രൂപ്പുകൾ ഇതുവഴി കറങ്ങുന്നുണ്ട് . എന്തായാലും നിങ്ങൾ കണ്ട കാര്യം ബിഗ് ഫൂട്ട് റിസേർച്ച് ടീമിനെ ഒന്ന് അറിയിച്ചേക്കൂ . അവർ ബാക്കി നോക്കിക്കൊള്ളും”

അരമണിക്കൂറിനകം ഞങ്ങളുടെ വണ്ടി കൂടി കരയിൽ എത്തിയതോടു കൂടി ഖലാസികളുടെ ജോലി അവസാനിച്ചു. അച്ചായൻ അവരുടെ കമ്പനിയുടെ ഇൻഷുറൻസ് എടുത്തിരുന്നതിനാൽ കാത്തിയുടെ വണ്ടിയുടെ ചാർജ് മാത്രമേ കൊടുക്കേണ്ടി വന്നുള്ളൂ. തൊട്ടടുത്ത ഫാമിലുള്ള മൂന്ന് പേരോടും, പിന്നെ വണ്ടി പൊക്കുവാൻ വന്നവരോടും നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ സാവധാനം അവിടെ നിന്നും വണ്ടി മുന്നോട്ട് എടുത്തു. പ്രധാന ഹൈവെ എത്തുന്നതുവരെയും പോലീസുകാരും ഞങ്ങളെ അനുഗമിച്ചു. അതിനു ശേഷം അവരോടും ബൈ പറഞ്ഞ ശേഷം കാത്തിയുടെ വണ്ടിയുടെ പുറകിലായി ഞങ്ങളും പ്രധാന വീഥിയിലൂടെ നീങ്ങി. അല്പനേരത്തിന് ശേഷം അച്ചായന്റെ മൊബൈലിലേക്ക് കാത്തിയുടെ ഫോൺ വന്നു. കുറച്ചു മുൻപിൽ ഒരു 24hrs കോഫിഷോപ്പുണ്ട് . അവിടെ വെച്ച് കാണാം എന്നായിരുന്നു അവൾ പറഞ്ഞത്. അരമണിക്കൂറിനകം മൂവരും കോഫീ ഷോപ്പിൽ വെച്ച് വീണ്ടും കണ്ടുമുട്ടി. മൂന്ന് കോർട്ടടിറ്റോ ഓർഡർ ചെയ്തശേഷം ഞങ്ങൾ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിച്ചു തുടങ്ങി.

“ജൂലിയസ് …. നിനക്ക് എന്ത് തോന്നുന്നു ? ” കാത്തിയാണ് തുടക്കമിട്ടത് .

“ഒരു നാടകം ഫീൽ ചെയ്തു ” ഞാൻ പറഞ്ഞു

“എക്‌സാക്റ്റ്‌ലി !!! എനിക്കും അങ്ങിനെ തോന്നി” അവൾ വലിയ വായിൽ ചിരിച്ചു.

“നീയൊക്കെ എന്തുവാ ഈ പറയുന്നത് ? ” അച്ചായൻ അന്തംവിട്ടു .

“അച്ചായാ … എനിക്ക് അത്രയ്ക്കങ്ങ് ഉറപ്പില്ല … പക്ഷെ നാം ഇപ്പോൾ കണ്ടതിൽ പലതും ഒരു അഡ്ജസ്റ്റ്മെന്റ് ആയിരുന്നില്ലേ എന്നൊരു സംശയം ”

“നീ കാര്യം പറയ് “…. അച്ചായന് ആകാംക്ഷയായി .

“ജോസപ് …. ഞാൻ ഒറ്റ വാചകത്തിൽ പറയാം ……. തൊട്ടടുത്ത ഫാമിൽ നിന്നും ആ ട്രെക്കിൽ വന്ന മൂന്ന് പേരിൽ ഒരാളുടെ ഉയരം ശ്രദ്ധിച്ചിരുന്നോ ? ” …… കാത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. ” അയാൾക്ക് ഏഴ് അടിക്കടുത്ത് ഉയരം ഉണ്ട് ! നിങ്ങളിനി ഈ സ്ഥലം വാങ്ങിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. അതിനാൽ ഇത് നിങ്ങളോട് ചർച്ച ചെയ്യുന്നതിൽ കുഴപ്പമില്ല എന്ന് ഞാൻ കരുതുന്നു ”

“അപ്പോൾ , സിനിമയിലൊക്കെ കാണുന്നതുപോലെ സ്ഥലം വാങ്ങിക്കാതിരിക്കുവാൻ അവർ നമ്മെ പേടിപ്പിച്ചതാണ് എന്നാണോ നിങ്ങൾ പറയുന്നത് ? ” അച്ചായൻ ചോദിച്ചു.

” ഒരിക്കലുമല്ല. ഇത് കളി വേറെ ആണ്. ” ഞാൻ പറഞ്ഞു

“എന്ത് കളി ? ” അച്ചായന് കാര്യങ്ങൾ ഗ്രഹിക്കുന്നില്ല.

“എനിക്ക് തോന്നുന്നത് ബോർഡർ വഴി എന്തെങ്കിലും സാധനങ്ങൾ , അല്ലെങ്കിൽ മനുഷ്യരെ തന്നെ കടത്തുന്ന ആളുകളുമായി ആ ഫാമിലുള്ളവർക്ക് ബന്ധമുണ്ട് എന്നാണ്. എന്റെ ഊഹം മാത്രമാണ്. ഇരുട്ടത്ത് കണ്ട ഉയരമുള്ള ജീവി , ട്രക്കിൽ വന്ന ഫാമിലെ പയ്യനാണ്. അവൻ ഇരുട്ടത്ത് നിന്നാൽ അതേപോലിരിക്കും … ശരിയല്ലേ ? ” ഞാൻ പറഞ്ഞു.

“അതിന് സാധ്യത ഉണ്ട്. ” അച്ചായൻ പറഞ്ഞു. ” പക്ഷെ നമ്മെ ഇങ്ങനെ വിരട്ടിയതുകൊണ്ട് എന്ത് ഗുണം? ”

“നാം പോലീസിനെ വിളിച്ചത് അവർ അറിഞ്ഞു. കാരണം പോലീസ് നമ്മെ കോണ്ടാക്റ്റ് ചെയ്യാൻ അവരെ വിളിച്ചു. അങ്ങിനെയാണ് നാം അവിടെ കുടുങ്ങിയ വിവരം അവർ അറിഞ്ഞത്. എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് അവർ എത്തിയത്. അതും വണ്ടി കിടക്കുന്ന സ്ഥലത്തല്ല, ഫാമിലാണ് അവർ എത്തിയത്. അതായത് നാം ഫാമിൽ എത്തിയത് അവർ എങ്ങിനെ അറിഞ്ഞു? ഉറപ്പായും അവർ നമ്മെ ഫോളോ ചെയ്തിട്ടുണ്ട്. ” കാത്തു വിശദീകരിച്ചു.

“നാം ഫാം മേടിക്കുന്നതും, അവിടെ രാത്രിയിൽ കറങ്ങി നടക്കുന്നതും അവരുടെ ബിസിനസിനെ ബാധിക്കും. അത് എന്ത് ബിസിനസ് ആണെന്ന് അവർക്ക് മാത്രമേ അറിയൂ. അവിടെ ബിഗ് ഫുട്ട് ഉണ്ട് എന്ന് സ്ഥാപിക്കേണ്ടത് അവരുടെ ആവശ്യമാണ്. കയ്യും കണക്കുമില്ലാത്ത പരന്നു കിടക്കുന്ന കാടും, മേടും അവർക്ക് അതിനുള്ള ആമ്പിയൻസ് ഉണ്ടാക്കി കൊടുക്കുന്നുമുണ്ട് ” ഞാൻ കൂട്ടിച്ചേർത്തു . ” നാം ഇരുട്ടത് കണ്ടത് ബിഗ്ഫുട്ട് അല്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു കൺക്ലൂഷനിൽ എത്തിച്ചേർന്നത്. ഇനി അതല്ല നാം കണ്ടത് ഒറിജിനൽ ബിഗ് ഫൂട്ട് ആണെങ്കിൽ ഈ പറഞ്ഞതൊക്കെ വെറും സിനിമാക്കഥ മാത്രം! ”

ഇതും പറഞ്ഞു എല്ലാവരും ഒരുമിച്ച് ചിരിച്ചു. അപ്പോഴേക്കും കോഫീ എത്തിക്കഴിഞ്ഞിരുന്നു.

“അപ്പോൾ പോലീസ് ? ” അച്ചായൻ ചോദിച്ചു.

“ഒന്നുകിൽ അവർക്കെല്ലാം അറിയാം … അല്ലെങ്കിൽ അവരും ബിഗ്ഫുട്ട് കഥ വിശ്വസിക്കുന്നു ” കാത്തു ചിരിച്ചുകൊണ്ട് ബിഗ് ഫൂട്ട് റിസേർച്ചിലേക്ക് ഫോൺ ചെയ്തു .

“നാളെ ഓഫീസിൽ വന്ന് സ്റ്റേറ്റ്മെന്റ് എടുക്കാം എന്നാണ് അവർ പറയുന്നത്” അവൾ പറഞ്ഞു .

“അപ്പോൾ അവർക്ക് പറയുവാൻ ഒരു കഥകൂടി ആയി” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“നിനക്ക് എഴുതുവാൻ ഒരു കഥകൂടി” അച്ചായാൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു .

“അതെ ഇക്കഥയിൽ സസ്പെൻസ് ഞാനായിട്ട് ഇടേണ്ടല്ലോ …… അത്യാവശ്യം ഇതിൽ തന്നെയുണ്ട് ”

അങ്ങിനെ ഞങ്ങൾ നടന്നതൊക്കെയും വീണ്ടും വീണ്ടും പറഞ്ഞു ചിരിച്ചു കഥ പറഞ്ഞു തീർന്നപ്പോഴേയ്ക്കും നേരം വെളുക്കാറായിരുന്നു. കാത്തിയോട് ബൈ പറഞ്ഞു വണ്ടിയിൽ കയറിയ ശേഷം അച്ചായാൻ എന്നോട് ചോദിച്ചു .

“അപ്പോൾ നമ്മൾ കണ്ടത് ബിഗ് ഫുട്ട് അല്ലേ ? ” ……….

“ആണേലും അല്ലേലും … ബിഗ് ഫൂട്ട് തന്നെയാണെന്ന് പറഞ്ഞാൽ മതി …… ഇങ്ങനെയൊക്കെയല്ലേ ഓരോ കഥകൾ ഉണ്ടാവുന്നത് …. എന്നാലല്ലേ ഈ കഥയ്ക്കൊരു ഗുമ്മൊള്ളൂ ………”

ഇനി എനിക്കൊന്ന് ഉറങ്ങണം …. ഞാൻ സീറ്റ് ചായിച്ച് മയങ്ങാൻ കിടന്നു…………

———END —————

Its a heavily edited real life experience. Names of individuals, places, time and other things are altered to keep ultimate privacy. The author still do not believes what he saw is a Bigfoot. It may be a drama played by youngsters in nearby farm houses or they did it for a purpose. The reason … still we don’t know. Wolf photo is taken from some other sources. Original images are added in comment section. Thanks for reading.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ