1730 ൽ ലണ്ടനിലെ ബിർച്ചിൻ ലെയിനിലെ ഓൾഡ്‌ടോംസ് കോഫീ ഹൌസാണ് രംഗം. കുറച്ചാളുകളുടെ നടുവിൽ ഇരുന്നുകൊണ്ട് ഒരാൾ പഴയ കപ്പൽ കഥകൾ തട്ടിവിടുകയാണ്. ഒട്ടേറെ യാത്രകൾ ചെയ്തിട്ടുള്ള ആളാണ് അതെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. ആരാണയാൾ ? …… കോഫീ ഹൌസിലേയ്ക്ക് പുതുതായി എത്തിയ ഒരു സന്ദർശകൻ ആളുകളോട് ചോദിച്ചു . അത് റോബിൻ എന്ന റോബർട്ട് ഡ്രൂറിയാണ് . പഴയൊരു നാവികൻ. ഇയാൾ പണ്ട് ആഫ്രിക്കയിലെവിടെയോ ആയിരുന്നു. അടുത്ത് കൂടിയാൽ രസമുള്ള കഥകൾ കേൾക്കാം . ശരിയാണൊന്നു മാത്രം ചോദിക്കരുത് ” ചിരിച്ചുകൊണ്ട് അടുത്ത ടേബിളിൽ ഇരുന്നയാൾ മറുപടി പറഞ്ഞു . പക്ഷേ ഈ സമയത്തും റോബിൻ കഥ തുടരുകയായിരുന്നു . “മുങ്ങിയ കപ്പലിൽ നിന്നും അവസാനം തോണിയിലേക്ക് കാലെടുത്ത് വെച്ചത് ക്യാപ്റ്റൻ ആയിരുന്നു . കയ്യിൽ മുറുകെ പിടിച്ചിരുന്ന പെട്ടിയിൽ ഉണ്ടായിരുന്നത് സൂക്ഷിച്ചു വെച്ചിരുന്ന അദ്ദേഹത്തിൻ്റെ പിതാവിന്റെ ഹൃദയം ആയിരുന്നു! രാത്രിയായി തുടങ്ങി . ദൂരെ പലയിടങ്ങളിലും തീക്കുണ്ഡങ്ങൾ എരിയുന്നുണ്ട്. അത് ദ്വീപിലെ നാട്ടുകാരാണോ, അതോ ഇനി നരഭോജികൾ വല്ലതുമാണോ? അറിയില്ല “
കൃത്യം ഒരു വർഷം മുൻപ് 1729ൽ റോബർട്ട് ഡ്രൂറി തന്നെ എഴുതിയ ഒരു പുസ്തകത്തിലെ സംഭവങ്ങളാണ് അയാൾ ലണ്ടനിലെ ഒരു കോഫി ഹൗസിൽ ഇരുന്നുകൊണ്ട് ആളുകളോട് പറയുന്നത്. പ്രശസ്തനായ ഡാനിയേൽ ഡിഫോ റോബിൻസൺ ക്രൂസോ എഴുതി ആളുകളെ ത്രസിപ്പിച്ച് നിർത്തിയിരുന്ന ഒരു കാലഘട്ടം ആയിരുന്നതുകൊണ്ട് തന്നെ അത്തരത്തിലുള്ള മറ്റൊരു ബുക്കിന് കിട്ടേണ്ട പരിഗണനയൊക്കെ ഈ പുസ്തകത്തിനും ലഭിച്ചിരുന്നു . ഏഴോളം പതിപ്പുകൾ വരെ തുടർച്ചയായി ഇറങ്ങിയ ശേഷമാണ് പുസ്തകത്തിന് തിരിച്ചടികൾ നേരിടേണ്ടി വന്നത് . Madagascar; or Robert Drury’s Journal എന്ന ഈ പുസ്തകം അതിനും മുൻപെഴുതപ്പെട്ട History of Madagascar എന്ന ബുക്കിൽ നിന്നും കടം കൊണ്ടതാണ് എന്നതായിരുന്നു ആദ്യ ആരോപണം . മഡഗാസ്‌ക്കർ ഗവർണ്ണർ ആയിരുന്ന എച്ചിയൻ ദ ഫ്ലക്കോഹ്വിന്റെ (Etienne de Flacourt ) രചനയായിരുന്നു അത് .
റോബർട്ട് ഡ്രൂറിയുടെ ജേർണൽ പ്രസിദ്ധീകരിച്ചത് സാക്ഷാൽ ഡാനിയേൽ ഡീഫോയുടെ റോബിൻസൺ ക്രൂസോ പ്രസിദ്ധീകരിച്ച അതേ പ്രസാധകർ തന്നെയായിരുന്നു . അതായിരുന്നു അടുത്ത പ്രശ്നം. ഡാനിയേൽ ഡീഫോ തന്നെയാണ് റോബർട്ട് ഡ്രൂറിയുടെ ജേർണൽ എഴുതിയത് എന്ന് ആളുകൾ ആരോപിച്ചു. അതിനാൽ തന്നെ റോബിൻസൺ ക്രൂസോ പോലെയോ, ഹക്കിൾ ബറി ഫിൻ പോലെയോ ഉള്ള വെറും സാങ്കൽപ്പിക കഥ മാത്രമാണ് ഇതെന്നും കഥകൾ പ്രചരിച്ചു. റോബർട്ട് ഡ്രൂറി മരിച്ച് വർഷങ്ങൾക്ക് ശേഷം ഉയർന്നു വന്ന ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയാൻ പക്ഷേ ആരുമുണ്ടായില്ല. അങ്ങിനെ ഡാനിയേൽ ഡീഫോയുടെ വെറും സാങ്കൽപ്പികകൃതി എന്ന നിലയിലേക്ക് റോബർട്ട് ഡ്രൂറിയുടെ സ്വന്തം അനുഭവകഥകൾ തരംതാണു . ഒരു സാധാരണ സാഹിത്യകൃതിയായി കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിയപ്പെട്ട ഈ പുസ്തകം പക്ഷേ 270 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റു !
1996 ൽ പുരാവസ്തു ഗവേഷകനായ മൈക്ക് പാർക്കർ പിയേഴ്സൺ (Mike Parker Pearson) ആണ് പുസ്തകത്തെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. റോബിന്റെ ബുക്കിൽ പറഞ്ഞിട്ടുള്ള സകല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് തെളിവുകൾ ശേഖരിച്ച പിയേഴ്‌സൺ ഒടുവിൽ അക്കാര്യം സ്ഥിരീകരിച്ചു . റോബർട്ട് ഡ്രൂറി പറഞ്ഞതൊക്കെയും വാസ്തവമാണ് ! പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതെല്ലാം യഥാർത്ഥത്തിൽ നടന്നതുമാണ്. അവസാനം ഡ്രൂറി സഞ്ചരിച്ചിരുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തതോടെ ഡാനിയേൽ ഡിഫോയുടെ പ്രേതം റോബിനെ വിട്ടൊഴിഞ്ഞു . വെറും പതിനേഴാം വയസിൽ ആഫ്രിക്കയിലെ മഡഗാസ്കർ ദ്വീപിൽ അകപ്പെട്ട്പോയ റോബിൻ എന്ന റോബർട്ട് ഡ്രൂറിയുടെ കഥ ഇനി നിങ്ങൾക്കും കേൾക്കാം.