Indian History

സിവ്നിയിലെ പെഞ്ച് ടൈഗർ റിസർവ് 

സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 600 മീറ്റർ ഉയരത്തിലാണ് സിവ്നിയും, പെഞ്ച് ടൈഗർ റിസർവും സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിന്റെ തെക്ക് ഭാഗത്താണ് സിവ്നി സ്ഥിതി ചെയ്യുന്നത്. ജംഗിൾ ബുക്കിൽ വർണ്ണിച്ചിരിക്കുന്നത്പോലെ ഇടതൂർന്ന വനമുള്ള മഴക്കാടല്ല സിവ്നിയിലെ കാടുകൾ. രണ്ട് പ്രധാന നദികളാണ് ഇവിടെയുള്ളത്. ഇതിൽ ഗോദാവരിയുടെ പോഷകനദിയായ വൈൻഗംഗാ നദി (Wainganga River) ഉത്ഭവിക്കുന്നത് തന്നെ സിവ്നിയിൽ നിന്നാണ്. സത്പുര പർവതനിരകളുടെ (Satpura Range) തെക്കൻ ചെരുവിലാണ് സിവ്നി സ്ഥിതി ചെയ്യുന്നത്.

ഇവിടെയുള്ള രണ്ടാമത്തെ നദി പെഞ്ച് ടൈഗർ റിസർവിനുള്ളിലൂടെ ഒഴുകുന്ന പെഞ്ച് നദിയാണ് (Pench River). റിസർവിനുള്ളിൽ വടക്ക് നിന്നും തെക്കോട്ടാണ് പെഞ്ച് നദി ഒഴുകുന്നത്. ചെറിയ കുന്നുകളും, ചരിവുകളും നിറഞ്ഞ പ്രദേശമാണിത്. മഴക്കാലത്ത് വെള്ളം കരകവിഞ്ഞൊഴുകി റിസർവിനുള്ളിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. ആ സമയം ഒട്ടനവധി ചെറിയ അരുവികൾ വനത്തിനുള്ളിൽ രൂപപ്പെടാറുണ്ട്. നാട്ടുകാർ ഇവയെ നല്ലാസ് (“Nallah”) എന്നാണ് വിളിക്കുക.

എന്നാൽ ഏപ്രിൽ മാസത്തോടെ പെഞ്ച് നദി വറ്റിപ്പോകുകയും, ജലം ചില കുളങ്ങളിൽ മാത്രമായി അവശേഷിക്കുകയും ചെയ്യും. ദോസ് (“dohs”) എന്നാണ് ഇത്തരം വെള്ളക്കുഴികൾ അറിയപ്പെടുന്നത്. ഇത്തരം വാട്ടർ ഹോളുകളുടെ അരികിലാണ് കൂടുതൽ മൃഗങ്ങളും ആ സമയം ഉണ്ടാവുക. ഇത് കൂടാതെ ഒരിക്കലും വറ്റാത്ത ചില ഉറവകളും പെഞ്ച് ടൈഗർ റിസർവിനുള്ളിൽ ഉണ്ട്. എന്നാൽ ഇപ്പോൾ റിസർവിനുള്ളിൽ ഒരു റിസർവോയർ നിർമിച്ചിട്ടുള്ളതിനാൽ മൃഗങ്ങൾക്ക് വെള്ളത്തിന് ബുദ്ധിമുട്ട് ഉണ്ടാകാറില്ല.

പെഞ്ച് നദിയുടെ തീരങ്ങളിലും, വേനൽക്കാലത്ത് വാട്ടർ ഹാളുകളുടെ സമീപങ്ങളിലുമായി കടുവകളും, പുലികളും വിഹരിക്കുന്നത്. കടുവകൾ ഉൾവനങ്ങളിലേക്ക് കയറിപ്പോകാറില്ലെങ്കിലും, പുലികൾ അവിടെ കാണപ്പെടാറുണ്ട്. ഇവയെക്കൂടാതെ കാട്ടുപൂച്ചകളും, കാട്ടുനായ്ക്കളുമാണ് (“ധോൾ” )ഇവിടെയുള്ള പ്രധാന ഇരപിടിയന്മാർ. പത്ത് പതിനഞ്ചോളം വരുന്ന കൂട്ടമായിട്ടാണ് കാട്ടുനായ്ക്കൾ വേട്ടയാടുന്നത്.

കുന്നിൻ ചെരുവുകളിൽ പാറകൾ ഏറെയുള്ള സ്ഥലങ്ങളിലാണ് തേൻകരടികൾ (Sloth Bear) താവളമാക്കിയിട്ടുള്ളത്. നഖത്തിനും മറ്റുമായി മനുഷ്യർ കരടികളുടെ മടകളിൽ ചെന്ന് അവയെ വേട്ടയാടുമെങ്കിലും, കാട്ടിൽ കടുവകളും തേൻ കരടികളെ ആക്രമിക്കാറുണ്ട്. ചിലപ്പോൾ ഇരുവരും തമ്മിൽ മിനിറ്റുകൾ തന്നെയും നീണ്ടുനിൽക്കുന്ന മേൽപ്പിടുത്തവും ഉണ്ടാകും. അപൂർവമായി മരങ്ങളുടെ മുകളിൽ നിന്നും പുലികളും കരടികളെ ആക്രമിക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വള്ളിച്ചെടിയായ ആരമ്പുവള്ളികൾ (Bauhinia vahlii) ധാരാളമുള്ള കുന്നിൻ ചെരുവുകളിലാണ് പെഞ്ച് ടൈഗർ റിസർവിൽ കരടികൾ കൂടുതലും കാണപ്പെടുന്നത്.

ഇന്ത്യൻ ഗസൽ എന്നറിയപ്പെടുന്ന ചിങ്കാരമാനുകളാണ് (Chinkara -Gazella Bennettii) പെഞ്ച് റിസർവിലെ പ്രധാന സസ്യാഹാരി. കൂടാതെ പുള്ളിമാനുകളും, മലമാനുകളും, കാട്ടുപന്നിയും, കാട്ടുപോത്തും ഇവിടെ ധാരാളമായുണ്ട്. ബിബിസിയുടെ BBC Wildlife Special Tiger: Spy in the Jungle എന്ന ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത് പെഞ്ച് ടൈഗർ റിസർവിൽ ആണ്.

ഗോണ്ടികൾ അഥവാ ഗോണ്ട് എന്നറിയപ്പെടുന്ന ഗിരിവർഗ്ഗ ജനതയാണ് സിവ്നി ഭാഗങ്ങളിൽ താമസിക്കുന്നത്. ഇവരുടെ സംസാരഭാഷയായ ഗോണ്ടി ഒരു ദ്രാവിഡിയൻ ഭാഷയാണ്. ഇവർ താമസിക്കുന്ന മധ്യഇന്ത്യൻ ഭാഗങ്ങൾ ഗോണ്ട്വാന എന്നാണ് അറിയപ്പെട്ടിരുന്നത് (​Gondwana Region). 180 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) നിലനിന്നിരുന്ന ഒരു സൂപ്പർ ഭൂഖണ്ഡമായിരുന്ന ഗോണ്ട്വാനയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവണം. അതുമായി ബന്ധപ്പെട്ട ആധികാരികമായ തെളിവുകൾ ലഭിച്ചത് ഗോണ്ടുകൾ അധിവസിക്കുന്ന ഒറീസയിലെ ഒരു സ്ഥലത്ത് നിന്നുമാണ്. അങ്ങിനെയാണ് ആ സൂപ്പർ കൊണ്ടിനെന്റിന് ഗോണ്ട്വാന എന്ന പേര് ലഭിച്ചത്. ഗോണ്ടുകൾ ടാങ്കി എന്നറിയപ്പെടുന്ന ഒരിനം കോടാലി അല്ലെങ്കിൽ മഴു ഉപയോഗിക്കാറുണ്ട്. ഇത് അതിശക്തമായ ഒരു ആയുധമാണ്. കരടിയെയും, കടുവയെയും പോലും അവർ ഇത് ഉപയോഗിച്ച് നേരിടാറുണ്ട്. കൂടാതെ കാട്ടുപോത്തുകളെ വേട്ടയാടുവാൻ ഗോണ്ടുകൾക്ക് പ്രത്യക കഴിവുകളുമുണ്ട്.

RELATED VIDEO