കനേറി ഐലൻഡ്സ്. മൊറോക്കോയിൽ നിന്നും വെറും നൂറു കിലോമീറ്റർ മാത്രം അകലെ ഉത്തരഅറ്റ്ലാന്റിക്കിൽ സ്ഥിതിചെയ്യുന്ന സ്പാനിഷ് ദ്വീപുകളാണ് കനേറി ഐലൻഡ്സ്. യൂറോപ്പിലെയും, ഉത്തരാഫ്രിക്കയിലെയും കപ്പലുകൾ അറ്റ്ലാന്റിക്കിലേക്ക് കടക്കുന്ന കവാടത്തിൽ തന്നെ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം പുരാതനകാലം മുതലേ കപ്പൽ യാത്രികരുടെ ഇടത്താവളമായിരുന്നു ഈ ദ്വീപുകൾ. അറ്റ്ലാന്റിക്കിലൂടെയുള്ള നീണ്ട യാത്രയ്ക്ക് മുൻപ് ഭക്ഷണവും ശുദ്ധജലവും ഇവിടെ നിന്നാണ് കപ്പൽ യാത്രികർ സംഭരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രശസ്തരായ പല യൂറോപ്യൻ, ആഫ്രിക്കൻ സഞ്ചാരികളും ഈ ദ്വീപുകൾ സന്ദർശിച്ചിട്ടുണ്ട്. നമ്മുടെ വീഡിയോകളിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ടിട്ടുള്ള പേരാണ് കനേറി ഐലൻഡ്സ്. ഒട്ടനവധി ചെറു ദ്വീപുകളും ഏഴ് വലിയ ദ്വീപുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. അക്കൂട്ടത്തിൽ ഏറ്റവും വലുതാണ് ട്ടെനറിഫ് അല്ലെങ്കിൽ ട്ടെനറിഫെ (Tenerife) എന്ന ദ്വീപ്. ഈ ദ്വീപിനെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കുന്ന കൂട്ടത്തിലാണ് ഭൂമിയിൽ ഏറ്റവും ഉയരംകൂടിയ വോൾക്കാനോകളിൽ ഒന്ന് ട്ടെനറിഫെയിൽ തന്നെയാണ് ഉള്ളതെന്ന് മനസ്സിലാവുന്നത്. ഇന്നും സജീവമായ ആ അഗ്നിപർവ്വതത്തിന്റെ പേര് റ്റെയ്ഡേ (Teide) എന്നാണ്. നാൽപ്പത്തിയേഴായിരം ഏക്കർ വിസ്തൃതിയുള്ള വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയായ റ്റെയ്ഡേ ദേശീയോദ്യാനത്തിനുള്ളിലാണ് പർവ്വതം സ്ഥിതിചെയ്യുന്നത്. 1492 ൽ ക്രിസ്റ്റഫർ കൊളംബസ് ഇവിടെ എത്തിച്ചേർന്നപ്പോൾ റ്റെയ്ഡേ അഗ്നിപർവ്വതത്തിന് മുകളിൽ തീയും പുകയും കണ്ടിരുന്നു എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
റ്റെയ്ഡേ അഗ്നിപർവ്വതത്തിന്റെ ഫോട്ടോകൾ തിരയുന്ന സമയത്താണ് പണ്ടാരോ വരച്ച ഒരു ചിത്രം എന്റെ കണ്ണിലുടക്കിയത്. 1867ൽ വരയ്ക്കപ്പെട്ട ചിത്രത്തിന്റെ കളർ കോപ്പി ലണ്ടൻ ന്യൂസിൽ വന്നതാണ് ഞാൻ കണ്ടത്. ആ ചിത്രത്തിന്റെ ഭംഗി മാത്രമല്ല, ചിത്രത്തിൽ കാണപ്പെട്ട ഒരു പൊരുത്തക്കേടും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. മൗണ്ട് റ്റെയ്ഡേയുടെ കൊടുമുടി ചിത്രത്തിൽ കാണുന്നത്രയും കൂർത്ത രൂപത്തിലുള്ളതല്ല. സത്യത്തിൽ ആ മലയുടെ മുകളിൽ ഒരു ഗർത്തമാണ് ഉള്ളത്. മഞ്ഞുകാലത്ത് പക്ഷേ അത് മൂടപ്പെടുമെങ്കിലും ആ സമയത്ത്പോലും പർവതത്തിന്റെ അഗ്രഭാഗത്തിന് ഇത്രയ്ക്കും ഉയരമോ ഷാർപ്നസോ ഉണ്ടാവില്ല. അപ്പോൾ ഈ ചിത്രം ആര് വരച്ചു, എന്തുകൊണ്ട് ഈ മാറ്റം ഉണ്ടായി എന്നതായി മനസിലെ ചോദ്യം. ആദ്യചോദ്യത്തിന്റെ ഉത്തരം ഹെൻറി ഓസ്റ്റ്ബെറി ലിവ്സൺ (Henry Astbury Leveson) എന്നായിരുന്നു. ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ. അദ്ദേഹമെന്തിനാണ് മൗണ്ട് റ്റെയ്ഡേയുടെ മുകൾഭാഗം ഇങ്ങനെ മാറ്റിയത് എന്ന ചോദ്യത്തിന്റെ ഉത്തരം ട്ടെനറിഫെ ദ്വീപിലെ ഒരു എഴുത്തുകാരന്റെ ബ്ലോഗിൽ നിന്നാണ് ലഭിച്ചത്. താൻ വരച്ച ചിത്രത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുവാനും, ചിത്രത്തിലെ ഒബ്ജക്ടുകളുടെ പ്രപോഷൻസ് ശരിയാക്കുവാനുമാണ് ലിവ്സൺ കൊടുമുടിയുടെ അഗ്രഭാഗത്ത് കുറച്ച് മിനുക്ക്പണികൾ നടത്തിയത്.
1867ൽ ഒരു കഴുതപുറത്തേറിയാണ് ഹെൻറി ഓസ്റ്റ്ബെറി ലിവ്സൺ റ്റെയ്ഡേ അഗ്നിപർവ്വതത്തിന്റെ മുകളിൽ എത്തിച്ചേർന്നത്. അന്ന് കൊടുമുടിയുടെ മുകളിൽ നിന്നും കണ്ട കാഴ്ച ഒട്ടും ഭംഗി ചോരാതെ തന്നെ അദ്ദേഹം തന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ജംഗിൾ ബുക്കിന്റെ സൃഷ്ടാവായ റഡ്യാർഡ് കിപ്ലിങ്ങിന്റെ ഓട്ടോബയോഗ്രാഫിയായ സംതിങ് ഓഫ് മൈസെൽഫിൽ (Something of Myself: for my friends known and unknown ) ഹെൻറി ഓസ്റ്റ്ബെറി ലിവ്സണിനെ പരാമർശിച്ചിട്ടുണ്ട് എന്ന് കണ്ടപ്പോഴാണ് കാലിൽ ചുറ്റിയത് ചേരയല്ല, മൂർഖനാണെന്നു ഞാൻ തിരിച്ചറിഞ്ഞത്. കാരണം ലിവ്സൺ ഒരു ആർട്ടിസ്റ്റ് മാത്രമല്ല, ഒരു പട്ടാളക്കാരനും ഒരു ബിഗ് ഗെയിം ഹണ്ടറും കൂടിയാണ്. ഡെക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന് ഗ്രാമീണരെ വകവരുത്തിയ നരഭോജികളെ ജീവൻ പണയം വെച്ച് വേട്ടയാടിയ ഹെൻറി ഓസ്റ്റ്ബെറി ലിവ്സണിനെ ആളുകൾ വിളിച്ചിരുന്നത് ഓൾഡ് ശിക്കാരി എന്നാണ്. അതേ തൂലികാനാമത്തിൽ തന്നെയാണ് ലിവ്സൺ തന്റെ ബുക്കുകളും എഴുതിയിരുന്നത്.