ആരാണ് ഞാൻ ?

ആരാണ് ഞാൻ ? 1

കോട്ടയം ജില്ലയിലെ ആർപ്പൂക്കര ഗ്രാമത്തിലെ അപ്പർകുട്ടനാട് മേഖലയിൽ താമസിക്കുന്ന കുത്തുകല്ലുങ്കൽ വീട്ടിൽ മാനുവൽ ജോസഫിനോട് ചോദിച്ചാൽ അദ്ദേഹം പറയും , ഇവൻ എന്റെ മൂത്തസന്തതിയാണെന്ന് . അതിനുമപ്പുറം ഞാനാരാണെന്ന് അദ്ദേഹത്തിനുമറിയില്ല എനിക്കുമറിയില്ല .

Advertisements

പക്ഷെ എനിക്ക് കുറച്ചുകാര്യങ്ങൾ പറയുവാനുണ്ട് …

ആരാണ് ഞാൻ ? 2ചെറുപ്പത്തിൽ എനിക്ക് തോന്നുന്നത് ഞാൻ ഒന്നാംതരമൊരു ഒറ്റയാൻ ആയിരുന്നുവെന്നാണ് . അനുജത്തി ഉണ്ടായത് വീണ്ടും എട്ടൊമ്പത് വർഷങ്ങൾക്ക് ശേഷമാണ് . ഇതിനിടയിൽ അമ്മയുടെ വയറ്റിലൊരാൾ വന്നുപോയി എന്ന് കേട്ടറിവുണ്ട് . ഇടയ്ക്ക് ഒറ്റയ്ക്ക് വൈക്കോൽത്തുറുവിന്റെ  കീഴിൽപോയിരുന്ന് ധ്യാനിക്കുക , ഒന്ന് രണ്ട് മണിക്കൂറുകളോളം മഴയെത്തന്നെ നോക്കിക്കൊണ്ടു നടവാതിലിൽ കുത്തിയിരിക്കുക , ശേഷം കസേരകൾ ചതുരാകൃതിയിൽ കൂട്ടിയിട്ട് ചുറ്റും പുതപ്പുകൊണ്ട് മൂടി കൂടാരമുണ്ടാക്കി അതിനുള്ളിൽ കയറിക്കിടന്നുറങ്ങുക തുടങ്ങിയ ശീലങ്ങൾക്ക് വീട്ടിൽ ആരും “അരുത് ” എന്ന് പറഞ്ഞിരുന്നില്ല . ദിവാൻ സി പി രാമസാമി അയ്യരുടെ കീഴിൽ ഫോറസ്ററ് ഗാർഡായി സേവനം തുടങ്ങി പിന്നീട് ഫോറസ്റ്ററായി വിരമിച്ച അപ്പച്ചി (അമ്മയുടെ അച്ഛൻ ) എന്ന വർക്കി കണിയാംപറമ്പിൽ ചാരുകസേരയിൽ രക്തവാതം പിടിച്ചകാലുകൾ കയറ്റിവെച്ച് നിവർന്ന് കിടന്നുകൊണ്ട് പറഞ്ഞുതന്ന കാട്ടുകഥകളാണ് എന്റെ മനസിനെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിച്ചത് എന്ന് നിസംശയം പറയാം . മലയാറ്റൂരിൽ ഒറ്റയ്ക്ക് സേവനമനുഷ്ഠിച്ച കഥകളും , മലകയറാൻ വന്ന ഏതോ വലിയ മുതലാളിയുടെ കാലുപിടിച്ച് അവിടെനിന്നും സ്ഥലംമാറ്റം സംഘടിപ്പിച്ചതും , കാട്ടാനയെ പേടിച്ചോടി കള്ളത്തടിവെട്ടുകാരുടെ ഇടയിലേക്ക് ഓടിച്ചെന്നതും പിന്നീട് അവരെ തന്നെ തടിവെട്ടിന്റെ പേരിൽ അറസ്‌തുചെയ്തതുമെല്ലാം അപ്പച്ചി ഓരോ വേനൽക്കാലത്തും ആവർത്തിച്ചാവർത്തിച്ച് പറയുമായിരുന്നു . പനയോലകെട്ടിയ കുടിലിന്റെ മച്ചുപൊളിച്ച് ഒറ്റയാന്റെ തുമ്പിക്കൈ കട്ടിലിലേക്ക് ഇറങ്ങിവന്നതരം പേടിപ്പിക്കുന്ന സംഭവങ്ങളിൽ അപ്പച്ചിയുടെ സ്ഥാനത്ത് എന്നെ തന്നെ സ്വപ്നം കണ്ട് ഞാൻ കിടന്നുറങ്ങി .

അധികം താമസിച്ചില്ല , അവിടെയും ഇവിടെയുമായി കേട്ടറിഞ്ഞ കഥകൾ പൂമ്പാറ്റ അമർചിത്രകഥയായി രാവിലെ പത്രത്തോടൊപ്പം വീട്ടിലെത്തിത്തുടങ്ങി . മഹാഭാരതവും , രാമായണവും , ഉപനിഷത്തുകളും തീർന്നതോടെ കണ്ണ് മറ്റു പ്രസിദ്ധീകരണങ്ങളിലേയ്ക്ക് തിരിഞ്ഞു . ഒരു കുടയും കുഞ്ഞുപെങ്ങളും , കുഞ്ഞിക്കൂനൻ , അത്ഭുതവാനരമ്മാർ , ഇരുമ്പുക്കൈ മായാവി , മാൻഡ്രേക്ക് , ഫാന്റം , ടാർസൺ …. അങ്ങിനെ ഓരോന്നും വായിച്ചു ദഹിപ്പിച്ചശേഷം കണ്ണ് നേരെ കരിപ്പൂത്തട്ടിലുള്ള നവോദയം ഗ്രന്ഥശാലയിലേക്ക് തിരിഞ്ഞു . അവിടെ കോട്ടയം പുഷ്പനാഥും , ബാറ്റൺ ബോസും കാത്തിരിപ്പുണ്ടായിരുന്നു . പിന്നീട് അഗതാ ക്രിസ്റ്റി , ജെയിംസ് ഹാർഡ്‍ലി ചേസ് , ഫാദർ ബ്രൗൺ , ഷെർലക് ഹോംസ് , ഹിച് ഹോക്ക് തുടങ്ങിയ മഹാരഥന്മാരെ വാരിപ്പുണർന്ന് നേരെ എസ് കെ പൊറ്റക്കാട്ടിലേക്ക് തിരിഞ്ഞു . അപ്പോഴേക്കും പൈക്കോ ക്ളാസിക്കുകളുടെ വരവായി . മോബിഡിക്കിൽ തുടങ്ങി ഡ്രാക്കുള , ടോം സോയർ , സ്കാർലെറ്റ് പിമ്പെർണൽ അങ്ങിനെ അവർ പ്രസിദ്ധീകരണം നിർത്തുന്നതുവരെയും വായന തുടർന്നു . പിന്നീട് പുസ്തകദാഹം അടക്കാനാവാതെ കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുടിയേറി . ഭാഷാസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾക്ക് വിലകുറവായിരുന്നതിനാൽ അവരുടെ പന്തലിൽ കൂടുതൽ സമയം ചിലവഴിച്ചു . “കേരളത്തിലെ വന്യജീവിസങ്കേതങ്ങൾ ” നൂറുവട്ടമെങ്കിലും ഞാൻ ആവർത്തിച്ചു വായിച്ചുകാണണം . പിന്നീട് ഇന്ദുചൂഢന്റെ കേരളത്തിലെ പക്ഷികളുടെ വരവായി . അതോടുകൂടി വീട്ടുപരിസരത്തിലെ പക്ഷികളുടെ പിറകെയായി നടപ്പ് . ഒന്നരയേക്കർ പുരയിടത്തിൽ തൊണ്ണൂറോളം പക്ഷികളെ തിരിച്ചറിഞ്ഞതോടെ ആ മേഖലയിൽ എല്ലാം തികഞ്ഞതായി ഞാൻ പ്രഖ്യാപിച്ചു . അപ്പോഴേക്കും ഒരു പഴയ ലാമ്പി സ്‌കൂട്ടർ പപ്പാ സംഘടിപ്പിച്ചു തന്നിരുന്നു . അങ്ങിനെകേരളത്തിലെ വന്യജീവിസങ്കേതങ്ങൾ തപ്പിയിറങ്ങി ഞാൻ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു .

ഓരോ സങ്കേതങ്ങളിലേക്കുമുള്ള വഴികൾ പുസ്തകത്തിൽ വിശദമായി വിവരിച്ചിരുന്നതിനാലും പുസ്തകമെനിക്ക് കാണാപ്പാഠമായിരുന്നതിനാലും കണ്ണുംപ്പൂട്ടിയാണ് സകലസങ്കേതങ്ങളിലും ഞാനെത്തിച്ചേർന്നത് . ഓരോ തവണയും ഓരോ കൂട്ടുകാർ കൂടെയുണ്ടായിരുന്നു . മറയൂർ ടൂറിസ്റ്റുഹോമിലും ചന്ദന ബാറിലും എത്രതവണ അന്തിയുറങ്ങിയിട്ടുണ്ടാവുമെന്ന് കയ്യും കണക്കുമില്ല . അതിനിടയിൽ ലാമ്പി മാറി കൈനറ്റിക് ഹോണ്ടയും , സ്പ്ലെൻഡറും , അവസാനം പാഷനും കാലിനിടയിൽ കയറിയിറങ്ങി . മറയൂരിലെ ലോഡ്ജിൽ നിന്നും വെളുപ്പിനെ അഞ്ചുമണിയോടെ ബൈക്കുമെടുത്ത് തമിഴ്‌നാട്ടിലെ അമരാവതി വരെ പോകുന്നതായിരുന്നു അക്കാലത്ത് മൃഗങ്ങളെ കാണാനുള്ള എളുപ്പവഴി . പിന്നീട് നേരെ പൊള്ളാച്ചി വഴി പറമ്പിക്കുളം . മൂന്നാറിൽ നിന്നും ജീപ്പിലോ കാൽനടയായോ ബിർജാം വഴി കൊടയ്ക്കനാൽ , ചെന്തരുണി വന്യജീവി സങ്കേതം , ആനമുടി ട്രക്കിങ് , അഗസ്ത്യമല , മംഗളാദേവി ക്ഷേത്രം , ശാസ്താ ഡാം ഇതൊക്കെയായിരുന്നു ആദ്യകാല ഇഷ്ടങ്ങൾ . പിന്നീട് വയനാട്ടിലെ കസിൻസുമായി വയനാടൻ , മൈസൂർ കാടുകൾ . പതുക്കെ പതുക്കെ കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് ….

അങ്ങിനെ ബെല്ലും ബ്രെയ്ക്കുമില്ലാതിരുന്ന കാലം. മാന്നാനം കെ ഇ കോളജിലെ ഫിസിക്സ് പി ജി പഠനം ജീവിതത്തിന് ഒരു ബ്രെയ്ക്കിട്ടു എന്ന് തന്നെ പറയാം . അതുവരെ മൃഗങ്ങളെ കണ്ടു ശീലിച്ചിരുന്ന ഞാൻ ക്ലാസിലെ ഒമ്പത് പെൺകുട്ടികളുടെ കൂടെ അടയിരിക്കുവാൻ തുടങ്ങി . ആ രണ്ടു വർഷക്കാലം വീട്- കോളേജ് അതുമാത്രമായിരുന്നു യാത്ര . ആശ , ജെയിൻ , അനുഷ , സരിത , സിമി തുടങ്ങിയവർ പ്രത്യക്ഷത്തിൽ തന്നെ എന്റെ സ്വഭാവത്തെ സ്വാധീനിച്ചെങ്കിലും വിനീതയും , രശ്മിയും , ബിൻസിയും, റെനിയും ഞാൻപോലുമറിയാതെ എന്റെ പെരുമാറ്റ രീതികളിൽ മാറ്റം വരുത്തി . പിന്നീട് ജീവിതത്തിലെ മറ്റൊരു തലമായിരുന്നു . കോളേജ് വിട്ടവർ എല്ലാരേയും പോലെ ബി എഡ് പഠനത്തിനായി പോയപ്പോൾ ഞാനൊരു കൊല്ലം വെറുതെ വീട്ടിലിരുന്നു . പിന്നെ പപ്പാ നിർബന്ധിച്ച് മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പഠിക്കാനല്ല , പഠിപ്പിക്കാനായി കൊണ്ട് ചെന്നാക്കി . കാശ് കൈയ്യിൽ വന്നതോടെ പെണ്ണുങ്ങളുണ്ടാക്കിയ മാറ്റമൊക്കെ പമ്പകടന്നു . ഞാൻ വീണ്ടും ഊരുതെണ്ടാൻ ഇറങ്ങി . ഇപ്രാവശ്യം രാജേഷ് ശിവനായിരുന്നു കൂട്ട് . ഏറ്റുമാനൂർ ചന്തയിൽ മീൻ പേടിക്കാൻ പോയവൻ മൂഴിയാർ അണക്കെട്ടിലേക്കുള്ള വഴിലാണെന്ന് അറിഞ്ഞ മമ്മി ആദ്യമൊക്കെ പരിഭവിച്ചെങ്കിലും പിന്നീട് പരിസ്ഥിതിയുമായി ഇണങ്ങി . അങ്ങിനെ വിവിധ സ്‌കൂളുകളിൽ പഠിപ്പിച്ചും , വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ പറപ്പിച്ചും ആറേഴ് കൊല്ലങ്ങൾ പോയിക്കിട്ടി . ഇതിനിടെ PGDCA കൂടെ പാസായി . ശേഷം ,NIIT യിൽ നിന്നും ലിനക്സ്, കുന്തം കൊടച്ചക്രം മുതലായവയും പഠിച്ചു .

Advertisements

സ്‌കൂളിലെ പഠിപ്പിക്കൽ കൂടാതെ റ്യൂഷനും , പിന്നെ ഞാനും രാജേഷും കൂടിയെഴുതിയ ഹയർ സെക്കണ്ടറി ഫിസിക്സ് ഗൈഡ് വിൽപ്പനയും ഉണ്ടായിരുന്നതിനാൽ കാശിന് പഞ്ഞമുണ്ടായിരുന്നില്ല . ഡിജിറ്റ് , പിസി ക്വസ്റ്റ് തുടങ്ങിയ മാഗസിനുകൾ വാങ്ങി സ്വയം പ്രോഗ്രാമിങ്ങും പഠിച്ചു . പക്ഷെ പഠിച്ചതൊക്കെ ജീവിതാവരുമാനമാക്കി മാറ്റുവാനുള്ള കഴിവ് എനിക്ക് അന്നുമുണ്ടായിരുന്നില്ല, ഇന്നുമില്ല , ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല . ഇതിനിടെ ബാംഗ്‌ളൂരിനും വണ്ടി കയറി . അവിടെ കുറേനാൾ പാലാ, പൈകക്കാരൻ റോബിൻസിന്റെ കൂടെ മാർക്കറ്റിങ് ജീവിതം .  ഇതിനിടെ ഇരുപത്തിയേഴ് വയസ്സായതോടുകൂടി കൂടെ പഠിപ്പിച്ചിരുന്ന കട്ടപ്പനക്കാരൻ സജി, താൻ പണ്ട് പഠിപ്പിച്ചിരുന്ന നാട്ടുകാരി പെണ്ണിനെ തന്നെ എനിക്ക് ഭാര്യയായി നിർദേശിച്ചു . പിന്നീട് ഗൾഫിനു പോകാനായി NIFE യിൽ നിന്നും ഫയർ ആൻഡ് സേഫ്റ്റികൂടി പാസായി . ഇതിനിടെ കോട്ടയം മാതാ ഹോസ്പ്പിറ്റലിലെ ലേബർ റൂമിൽ നിന്നും എന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി രംഗപ്രവേശം ചെയ്തു , എയ്‌ലൻ ജൂലിയസ് !

അതോടെ കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ടതോട് കൂടി ഭാര്യാവീട്ടുകാർ എന്നെ നേരെ ഷാർജയിലേക്ക് പറപ്പിച്ചു . അവിടെ ഒരു പാക്കിസ്ഥാൻ ധനകാര്യസ്ഥാപനത്തിൽ സൂപ്പർവൈസർ പദവി . കേൾക്കുമ്പോൾ സുഖമുണ്ടെങ്കിലും സ്യൂട്ട്കേസിൽ മില്യൺ കണക്കിന് ദിർഹവുമായി തെരുവ് വഴി നടക്കുന്ന പണിയാണെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത് .

അഞ്ചുകൊല്ലങ്ങൾ പാക്കിബ്രോസിന്റെ കൂടെ തല്ലിയും തടവിയും വിവിധ എമിറേറ്റുകളിലും ബ്രാഞ്ചുകളിമായി കഴിച്ചുകൂട്ടി . അവസാനം എല്ലാം കഴിഞ്ഞുതിരികെയെത്തിയപ്പോൾ എഡ്വിൻ എന്ന രണ്ടാമനും എന്റെ ജീവിതത്തിന്റെ ഭാഗമായി വന്നുചേർന്നു . അക്കാലത്ത് ചങ്ങനാശ്ശേരി ഇടിമണ്ണിക്കൽ ജൂവലറിയുടെ മാനേജറായി കുറച്ചുകാലം സേവനമനുഷ്ഠിച്ചു . പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചെന്നു . ആദ്യം ടെക്‌സാസിൽ പിന്നെ ഫ്ലോറിഡയിൽ . അടുത്ത സ്ഥലം എവിടെക്കായിരിക്കും എന്നുറപ്പില്ല . പറ്റിയെങ്കിൽ ഇവിടെത്തന്നെ കൂട്ടിച്ചേർക്കാം . ഇതിനിടയിൽ സംഭവിച്ച കുറച്ചുകാര്യങ്ങൾ ഞാൻ ഈ ബ്ലോഗിൽ തന്നെ My diary എന്ന വിഭാഗത്തിൽ ചേർത്തിട്ടുണ്ട് . ഇതെഴുതുമ്പോഴും യാത്ര തുടരുന്നതിനാൽ കഥയിവിടെ അവസാനിക്കുന്നില്ല .

ഒരുകാര്യം ഉറപ്പിക്കാം . കുറേയേറെക്കാര്യങ്ങൾ തലയിലേറി നടക്കുന്ന , എന്നാൽ പ്രായോഗികബുദ്ധി തീരെയില്ലാത്ത , അൽപ്പം ഗർവും അഹങ്കാരവുമൊക്കെയുള്ള ഒരു സാധാരണക്കാരൻ . അതിൽക്കൂടുതൽ ഒന്നുമില്ല .

പിന്നെയീ എഴുത്ത് …. ഗൾഫിലായിരുന്നപ്പോൾ “അറിവുകൾ പങ്കുവെയ്ക്കാം ” എന്ന ലേബലിൽ ഒരു പേജ് തുടങ്ങി ഞാൻ വായിക്കുന്നതൊക്കെയും കുറിച്ചുവെയ്ക്കാൻ ഒരിടം കണ്ടെത്തിയിരുന്നു . അതിന് നാല് ലൈക്ക്‌ കൂടുതൽ കിട്ടിയപ്പോൾ വലിയ വലിയ പോസ്റ്റുകൾ എഴുതി ” ചരിത്രാന്വേഷികൾ ” എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ഇട്ടു തുടങ്ങി . അവിടെ ലൈക്കുകൾ 5k കടന്നപ്പോൾ സ്വന്തം പ്രൊഫൈലിലും കുറെയൊക്കെ കുത്തിക്കുറിച്ചുതുടങ്ങി . “പായ്മരത്തണലിൽ ” എന്ന സ്വതന്ത്രഭാഷാവിവർത്തനം ഹിറ്റായതോടുകൂടി ഒന്ന് രണ്ടു പുസ്തകങ്ങൾ കൂടി പരിഭാഷപ്പെടുത്തി . പിന്നെ പലതുള്ളി എന്ന പേരിൽ ഒരു വെബ്‌സൈറ്റ് തുടങ്ങി എന്റെ കുറിപ്പുകൾ അവിടെ സൂക്ഷിച്ചു തുടങ്ങി . അത് വളർന്നുതുടങ്ങിയപ്പോൾ മറ്റുള്ള കൊള്ളാവുന്ന എഴുത്തുകാരുടെ കുറിപ്പുകൾ കൂടി അതിൽ ഉൾപ്പെടുത്തി . ഇപ്പോൾ ഞാനുൾപ്പടെ വിരലിലെണ്ണാവുന്നത്ര സ്ഥിരം എഴുത്തുകാർ അവരുടെ രചനകളും അറിവുകളും പലതുള്ളിയിൽ ചേർക്കുന്നുണ്ട് . അതിൽ കോളേജ് അധ്യാപകരും , പ്രവാസികളും , സർക്കാർ ജോലിക്കാരും, സ്വർണ്ണപ്പണിക്കാർ വരെയും ഉണ്ട് . ഇത് ചിരകാലം നിലനിൽക്കുവാനായി പലതുള്ളി ഫൗണ്ടേഷൻ രൂപീകരിച്ച് അതിന് കീഴിലാക്കുവാനാണ് പദ്ധതി . സൈറ്റിനായി ഒരു ആൻഡ്രോയിഡ് ആപ്പും ഞാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട് . പലതുള്ളി ജനങ്ങൾക്കായി വിട്ടുകൊടുത്തതോടുകൂടി എനിക്ക് സ്വന്തം ബ്ലോഗ് വേണം എന്ന അഹങ്കാരത്തിൽ നിന്നും ഉടലെടുത്തതാണ് ഈ സൈറ്റ് . ഇവിടെ എനിക്ക് തോന്നുതൊക്കെയും ഞാനെഴുതും , അത്രയ്ക്കുണ്ട് അഹംഭാവം !

അപ്പോൾ കഥ ചുരുക്കത്തിൽ ഇപ്പോൾ (Aug 26 -2018),  ഇവിടെവരെയാണ് …… പക്ഷെ തുടരും !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ