ഒരു തമാശ വിതച്ച വിന!

by Julius Manuel
Published: Updated: 1 views
A+A-
Reset

Table of Contents

NEW VIDEO
Bar Image NEW VIDEO
Bar Image
വൈദ്യുതിക്കും മുൻപേ തീതുപ്പുന്ന ഡ്രാഗണുകൾ!
ചരിത്രം മറന്ന 'പുരാതന സൂപ്പർ വെപ്പണുകൾ'
WATCH NOW!

അജീയൻ അഥവാ ഈജിയൻ കടലിൽ (Aegean Sea) ടർക്കിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രീക്ക് ദ്വീപാണ് സാമോസ് (Samos). ഒരിക്കൽ അവിടം ഭരിച്ചിരുന്നത് പോളിക്രേറ്റിസ് (Polycrates) എന്നൊരു രാജാവായിരുന്നു. അയാൾക്ക് ഒട്ടനവധി കപ്പലുകളും, ധനവും ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്തുള്ള പേർഷ്യൻ പ്രവിശ്യയായ സാർഡിസിലെ ഗവർണ്ണർ ആയിരുന്ന ഒറിറ്റിസിനു ഈയാളോട് കലശലായ അസൂയമൂത്തു. ഒറിറ്റിസിന്റെ കൂട്ടുകാരിൽ ഒരാൾ തനിക്ക് സമോസ് ദ്വീപിലെ പോളിക്രേറ്റിസിനെ ഭയമാണ് എന്ന് ഒരിക്കൽ തമാശയ്ക്ക് പറഞ്ഞതാണത്രേ ഈ അസൂയക്ക് കാരണം. അവസാനം സമാധാന ചർച്ചക്കാണെന്നും പറഞ്ഞു ഒറിറ്റിസ് പോളിക്രേറ്റിസിനെ സാർഡിസിലേക്ക് വിളിച്ചു വരുത്തുകയും, ചതിയറിയാതെ വന്ന പോളിക്രേറ്റിസിനെ അയാൾ വധിച്ചു കളയുകയും ചെയ്തു. ശേഷം പോളിക്രേറ്റിസിന്റെ കൂടെവന്നവരെ തടവിലാക്കുകയും ചെയ്തു. അതായത് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ വെറുതെ കൂട്ടുകാരൻ പറഞ്ഞതിന്റെ പേരിൽ ഒരാളെ വധിച്ചു കളഞ്ഞ ആളാണ് ഒറിറ്റിസ്.

ഒറിറ്റിസ് കുഴപ്പക്കാരനാണ് എന്ന് മനസിലാക്കിയ പേർഷ്യൻ ചക്രവർത്തി ദാരിയസ്, ഈയാൾ ഇപ്പോഴും പേർഷ്യൻ സാമ്രാജ്യത്തോട് കൂറ് കാണിക്കുന്നുണ്ടോ എന്നറിയുവാൻ ഒരു പരീക്ഷണം നടത്തി. ഒറിറ്റിസ് ചെയ്യേണ്ടുന്ന ഭാരിച്ച കുറച്ച് ഉത്തരവാദിത്വങ്ങളുടെ ഒരു ലിസ്റ്റ് എഴുതി തയ്യാറാക്കി ഒരു സന്ദേശവാഹകനെ ദാരിയസ് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. എന്നാൽ ഒറിറ്റിസ് ഒരു ഉത്തരവും പാലിച്ചില്ല എന്ന് മാത്രമല്ല, ദാരിയസിന്റെ സന്ദേശവാഹകനെ തിരികെ പോരും വഴി വധിച്ചുകളയുകയും ചെയ്തു.

ഇതറിഞ്ഞ ദാരിയസ് കോപം കൊണ്ട് വിറച്ചു. തന്റെ അടിമയായി ഇരിക്കേണ്ടവൻ തന്നെ അനുസരിക്കാതെ സ്വയം രാജാവ് ചമഞ്ഞു തന്നെ എതിർക്കുന്നു. തന്റെ മെസഞ്ചറെ കൊന്നു കളഞ്ഞിരിക്കുന്നു. അവസാനം ഒറിറ്റിസിനെ വധിക്കുവാൻ തന്നെ ദാരിയസ് തീരുമാനിച്ചു. എന്നാൽ ദാരിയസിന്റെ ഉപദേശകർ ഒരു ആക്രമണത്തെ എതിർത്തു. ഒറിറ്റിസിനെ ഇല്ലാതാക്കണം, പക്ഷെ അതിന് ഒരു യുദ്ധത്തിന്റെ ആവശ്യമില്ല. ഒന്നാമത് അയാൾക്ക് വലിയൊരു സേനയുണ്ട്. ശരിയാണ് ആ സൈനികർ നമ്മെ അനുസരിക്കാൻ കടപ്പെട്ടവർ തന്നെയാണ്. പക്ഷെ അവർക്ക് ഇപ്പോൾ ഒറിറ്റിസിനെ അനുസരിക്കാതിരിക്കാൻ നിർവ്വാഹമില്ല. സ്വന്തം സാമ്രാജ്യത്തിൽ തന്നെ ഒരു പടയോട്ടം നടത്തി നമ്മുടെ തന്നെ ഒരു പ്രവിശ്യയുടെ അധികാരിയെ കൊല്ലേണ്ട ആവശ്യം നമുക്കില്ല. മാത്രവുമല്ല അയാളുടെ സൈനികരെ നമ്മുക്ക് ആവശ്യമുള്ളതുമാണ്. അതുകൊണ്ട് സൂത്രത്തിൽ അയാളെ മാത്രം വകവരുത്തുന്നതാണ് ബുദ്ധി.

അങ്ങനെ ദാരിയസ് തന്റെ സദസ്സിലെ മിടുക്കരായ സകല ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. എന്നിട്ട് ഇക്കാര്യങ്ങൾ അവരെ അറിയിറച്ചു. ഒരു പടനീക്കത്തിലൂടെയല്ലാതെ ബുദ്ധിപൂർവം ഒറിറ്റിസിനെ വകവരുത്തുവാൻ ശേഷിയുള്ള ആരുണ്ട് പേർഷ്യൻ രാജസദസിൽ എന്നായിരുന്നു ദാരിയൂസിന്റെ ചോദ്യം. ഇത് കേട്ടതോടെ ആളുകൾ ആവേശഭരിതരായി. പേരെടുക്കുവാനും, ചക്രവർത്തിയുടെ ആദരവ് പിടിച്ചുപറ്റുവാനും സാധിക്കുന്ന സുവർണ്ണാവസരം. മുപ്പതോളം പേരാണ് തങ്ങൾ ഈ ഉദ്യമത്തിന് തയ്യാറാണ് എന്നും പറഞ്ഞു മുന്നോട്ട് വന്നത്. ഇതിൽനിന്നും നിങ്ങൾ തന്നെ മിടുക്കനായ ഒരാളെ കണ്ടെത്തൂ എന്ന് ചക്രവർത്തി അവരോട് പറഞ്ഞു. അവസാനം അവരെല്ലാം കൂടി ബേഗിയസ് (Bagæus) എന്ന ഒരാളുടെ പേരാണ് നിർദേശിച്ചത്.

അതീവബുദ്ധിമാനായിരുന്നു ബേഗിയസ്. ആദ്യമേതന്നെ അയാൾ ചക്രവർത്തിയുടെ കയ്യിൽ നിന്നും ഒട്ടനവധി ഉത്തരവുകൾ മുദ്രവെച്ച് വാങ്ങി. അതിൽ നിസാരമായ ചില ഉത്തരവുകളും, എന്നാൽ വളരെ ഗൗരവമേറിയ രണ്ടു ഉത്തരവുകളും ഉണ്ടായിരുന്നു. ശേഷം ബേഗിയസ് നേരെ ഒറിറ്റിസിന്റെ കൊട്ടാരത്തിലേക്ക് ചെന്നു. എന്നിട്ട് താൻ ചക്രവർത്തിയുടെ കൽപ്പനകൾ കൊണ്ട് വന്നതാണ് എന്ന് അറിയിച്ചു. ശേഷം അപ്രധാനമായ കുറച്ചു ഉത്തരവുകൾ ബേഗിയസ് അവിടെ ഉറക്കെ വായിച്ചു കേൾപ്പിച്ചു. ഒറിറ്റിസിന്റെ പരമാധികാരത്തെ ഒരിക്കലും ബാധിക്കാത്ത കുറച്ചു ചെറിയ ഉത്തരവുകൾ മാത്രമായിരുന്നു അത്.

അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ലാതിരുന്നതിനാൽ ഒറിറ്റിസ് ബേഗിയസിന് അവിടെ തങ്ങുവാൻ അനുവാദം കൊടുത്തു. ഇനിയും കുറച്ചു ഉത്തരവുകൾ കൂടി ഉണ്ടെന്നും അതൊക്കെ ഇതിനേക്കാൾ പ്രാധാന്യം കുറഞ്ഞവയാണെന്നും ബേഗിയസ് അറിയിച്ചു. അതൊക്കെ താൻ എന്തെങ്കിലും ചെയ്യ് എന്ന മട്ടിൽ ഒറിറ്റിസ്‌ ബേഗിയസിനെ തീർത്തും അവഗണിച്ചു. എന്നാൽ അയാളുടെ കൊട്ടാരത്തിൽ താമസിക്കുന്ന സമയത്ത് ബേഗിയസ്‌ അവിടുത്തെ സൈനിക നേതാക്കളുമായി ചങ്ങാത്തത്തിലായി. കൂട്ടത്തിൽ അവരെ നിങ്ങൾ പേർഷ്യൻ ചക്രവർത്തി ദാരിയസിന്റെ പ്രവിശ്യയിലെ സൈനികരാണ് എന്നും, അതുകൊണ്ട് തന്നെ ദാരിയൂസിനെയാണ് നിങ്ങൾ അനുസരിക്കേണ്ടത് എന്നും കൂടെകൂടെ ഓർമിച്ചുകൊണ്ടിരുന്നു. ദാരിയസിന്റെ പേർഷ്യൻ രാജധാനിയിൽലെ ചില പ്രധാനികളുടെ മക്കളും അവിടെ സൈന്യത്തിൽ ഉണ്ടായിരുന്നു. അവരെയെല്ലാം നേരിട്ട് പോയി കണ്ട് അറ്റോസ റാണി അവരെയെല്ലാം പ്രത്യേകം അന്വേഷിച്ചു എന്നൊക്കെ ബേഗിയസ്‌ തട്ടിവിട്ടു. പേർഷ്യൻ സാമ്രാജ്യ സ്ഥാപകനായ സൈറസിന്റെ മകളും, ഇപ്പോൾ ദാരിയസ് ചക്രവർത്തിയുടെ പത്നിയുമായ അറ്റോസ തങ്ങളെ ഓർക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഇതിനിടെ ദാരിയസിന്റെ ചില ചെറിയ ചെറിയ കല്പനകൾ ബേഗിയസ് ഇടയ്ക്കിടെ സൈന്യത്തിന് കൊടുക്കുന്നുമുണ്ടായിരുന്നു.

അവസാനം സൈന്യം പൂർണ്ണമായും തന്റെ വരുതിയിൽ ആയിക്കഴിഞ്ഞു എന്ന് മനസിലാക്കിയ ബേഗിയസ്‌, ദാരിയൂസ് ചക്രവർത്തി കൊടുത്ത അവസാനത്തെ രണ്ട് ഉത്തരവുകൾ സൈനിക നേതാക്കന്മാരെ കാണിച്ചു. അതിൽ ഒന്നാമത്തെ ഉത്തരവ് ഒറിറ്റിസിനെ വധിക്കുവാനുള്ളതും രണ്ടാമത്, ആ പദവിയിൽ ബേഗിയസിനെ അവരോധിക്കുവാനുമുള്ള ഉത്തരവും ആയിരുന്നു. സൈറസിനോടും, അറ്റോസയോടും, കൂറ് പുലർത്തിയിരുന്ന സൈനികർ ദാരിയസിന്റെ ആ കല്പനകൾ അക്ഷരംപ്രതി പാലിച്ചു. അങ്ങിനെ ഒറിറ്റിസിന്റെ പ്രശ്‌നം എന്നന്നേയ്ക്കുമായി അവസാനിച്ചു.

Source : Script from my own video series “Persian History”

1

2

Bar Image
Bar Image
വേട്ടക്കഥകൾ
ലോകപ്രശസ്ത വേട്ടക്കാരുടെ സാഹസിക വേട്ടകൾ !
ENJOY!

Have feedback or suggestions?

Write suggestions here

Have any thoughts?

Share your reaction or leave a quick response — we’d love to hear what you think!

Show/Hide Player
-
00:00
00:00
Update Required Flash plugin
-
00:00
00:00