പഴയ പായ്ക്കപ്പലുകളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് മുൻപ് കാപ്റ്റൻ അപ്പർ ഡെക്കിൽ പ്രത്യക്ഷപ്പെടും. കാലാവസ്ഥയും, ദിശയും, സ്ഥാനവും നോക്കി കപ്പലിന്റെ റൂട്ട് നിശ്ചയിക്കുന്നത് ആ സമയത്താണ്. കൂടാതെ ചിപ്പ് ലോഗ് (Chip log) ഉപയോഗിച്ച് കപ്പലിന്റെ വേഗത നിർണ്ണയിക്കുകയും ചെയ്യും. നീളമുള്ള കയറിന്റെ ഒരറ്റത്ത് ഏത്തയ്ക്കാ ചിപ്പ്സ് പോലെ ആകൃതിയുള്ള ഒരു തടിക്കഷ്ണം കെട്ടിയിടും. ഇതിനെ ലോഗ് ലൈൻ (Log line) എന്നാണ് വിളിക്കുക . ആ കയറിൽ നിശ്ചിത ഇടവേളകളിൽ കുറേയേറെ കെട്ടുകൾ (Knots) ഇട്ടിട്ടുണ്ടാവും. ഇത് ഒരു കോയിലിൽ ചുറ്റിയശേഷം ചിപ്പ് കപ്പലിന്റെ പുറകിൽ നിന്നും കടലിലേക്ക് എറിയും. നിശ്ചിത സമയത്തിനുള്ളിൽ, ഉദാഹരണത്തിന് അര മിനിറ്റിനുള്ളിൽ കോയിലിൽ നിന്നും എത്ര കെട്ടുകളാണ് അഴിഞ്ഞു കടലിലേക്ക് പോകുന്നത് എന്ന് നോക്കി എഴുതിവെച്ച് അതിൽ നിന്നും കപ്പലിന്റെ വേഗത കണക്ക്കൂട്ടും.
അതായത് ആ നിശ്ചിത സമയത്ത് കടന്നുപോയ നോട്ടുകളുടെ എണ്ണത്തെ സമയം കൊണ്ട് ഹരിച്ചാൽ വേഗത നോട്ടുകളിൽ (നോട്ടിക്കൽ മൈൽ) ലഭിക്കും. പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഇങ്ങനെ കടലിലേക്കറിയുന്ന കയറിലെ കെട്ടുകളുടെ എണ്ണം നോക്കി വേഗത നിർണ്ണയിച്ചിരുന്നത്കൊണ്ടാണ് സമുദ്രയാനങ്ങളുടെ വേഗത നോട്ട് (Knot) അഥവാ നോട്ടിക്കൽ മൈൽ പെർ അവറിൽ (nautical mile per hour) പറയുവാൻ തുടങ്ങിയത്. ഇന്ന് ഒരു നോട്ടിക്കൽ മൈൽ 1.852 കിലോമീറ്ററാണ്.