21–23 July, 480 BC
ഗ്രീക്ക്കാർ കീഴടങ്ങുവാൻ തയ്യാറല്ല എന്ന് മനസിലായതോടെ സെർസിസ് ആക്രമിക്കുവാൻ തന്നെ തീരുമാനിച്ചു. ഒരേസമയം തന്നെയാണ് തെർമോപിലിയിൽ പേർഷ്യൻ കരസേന ലിയോനൈഡസിന്റെ ഗ്രീക്ക് പടയെയും, പേർഷ്യൻ നാവികസേന തെമിസ്റ്റിക്ലീസിന്റെ ഗ്രീക്ക് നാവികപ്പടയെയും ആക്രമിച്ചത്. അതായത് കിലോമീറ്ററുകൾ മാത്രം വ്യത്യാസത്തിൽ അന്നത്തെ രണ്ട് ലോക ശക്തികൾ തമ്മിലുള്ള കര-നാവിക യുദ്ധങ്ങൾ നടക്കുകയാണ്. ഏതാണ്ട് ഒരേസമയം മൂന്ന് ദിവസങ്ങളിലായിട്ടാണ് തെർമോപിലിയുദ്ധവും, ആർട്ടിമിഷ്യം കടൽയുദ്ധവും അരങ്ങേറിയത്. തെർമോപിലിയിൽ ലിയോനൈഡസ്, സെർസിസിനെ നേരിടുന്ന സമയത്ത് തന്നെ തെമിസ്റ്റിക്ളീസ് കപ്പലുകളുമായി പേർഷ്യൻ ഫ്ലീറ്റിനെ ആക്രമിച്ചു. ഈ നാവിക യുദ്ധം എങ്ങിനെയാണ് നടന്നത് എന്നതിനെക്കുറിച്ച് നമുക്ക് ധാരണകളൊന്നുമില്ല. എന്നാൽ ഇവർ പ്രയോഗിച്ച അടവുകളെക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ട്.
ഇരുകൂട്ടരും പ്രയോഗിച്ച ഒരു തന്ത്രത്തിന്റെ പേര് ദിയക്ക്പിയോസ് (diekplous) എന്നാണ്. ശത്രുകപ്പലുകളുടെ ഇടയിലേക്ക് അവരുടെ കപ്പലുകൾ കയറ്റിയശേഷം എതിർ കപ്പലുകളുടെ നടുഭാഗത്തേക്ക് തങ്ങളുടെ കപ്പൽ റാം (Ramming) ചെയ്ത് ഇടിച്ചു കയറ്റുക എന്നതാണ് ദിയക്ക്പിയോസ് എന്ന തന്ത്രം. ഇതിനായി അന്നത്തെ ട്രയ്റീമുകളുടെ മുൻഭാഗത്ത് രണ്ട് മുതൽ നാല് മീറ്റർ നീളത്തിൽ വരെയും റാമുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ശത്രുകപ്പലിന്റെ നടുഭാഗം ഇടിച്ചു തകർത്ത് മുക്കിക്കളയാൻ ഇതായിരുന്നു എളുപ്പമാർഗ്ഗം. 300: Rise of an Empire എന്ന ചിത്രത്തിൽ തെമിസ്റ്റിക്ളീസ് ഈ തന്ത്രം പ്രയോഗിക്കുന്നതായി കാണിക്കുന്നുണ്ട്. പക്ഷേ യഥാർത്ഥത്തിൽ പേർഷ്യൻസാണ് ഇത് നടപ്പിലാക്കിയത് എന്നതാണ് ചരിത്രം. അതിന്റെ കാരണം ഹെറോഡോട്ടസ് പറയുന്നത് ഗ്രീക്ക് കപ്പലുകൾക്ക് ഭാരക്കൂടുതൽ ഉള്ളതായിരുന്നതിനാൽ കൃത്യമായി നിയന്ത്രിച്ച് റാം ചെയ്യിപ്പിക്കുവാൻ പ്രയാസമായിരുന്നു എന്നാണ്.
പേർഷ്യൻസിന്റെ റാമിങ്ങിനെ നേരിടുവാൻ തെമിസ്റ്റിക്ലിസ് മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. തങ്ങളുടെ 280 കപ്പലുകളും അർദ്ധചന്ദ്രാകൃതിയിൽ അല്ലെങ്കിൽ ഒരു അർധവൃത്താകൃതിയിൽ വിന്യസിക്കുകയാണ് തെമിസ്റ്റിക്ലിസ് ചെയ്തത്. അതായത് ഗ്രീക്ക് കപ്പലുകളുടെ പുറക് വശം ഉള്ളിലും, മുൻഭാഗം വൃത്തത്തിന്റെ പുറത്തും വരുന്ന രീതിയിൽലാണ് ഗ്രീക്ക് കപ്പലുകൾ അണിനിരന്നത്. ഈ വൃത്തത്തിന്റെ ഉള്ളിൽപ്പെട്ടാൽ കുടുങ്ങിപ്പോകും എന്ന ഭയത്താൽ പേർഷ്യൻ കപ്പലുകൾ റാമിങ് നടത്തുവാൻ ഭയപ്പെട്ടു. ഈ അവസരം മുതലാക്കിയ തെമിസ്റ്റിക്ലിസ് പൊടുന്നനെയുള്ള പ്രത്യാക്രമണത്തിന് ഉത്തരവിട്ടു. ആ വിദ്യ ഫലിച്ചു. അന്നത്തെ ദിവസം 30 പേർഷ്യൻ കപ്പലുകൾ തകർക്കുവാൻ ഗ്രീക്ക്കാർക്ക് സാധിച്ചു.
Source : Script from my own video “Xerxes”