Science

ടെറാറിസ്റ്റിക്ക!

രണ്ടായിരത്തിയെട്ട് മെയ് മുപ്പത്. സസ്യനിബിഡമായ ഇന്തൊനേഷ്യൻ ബോർണിയൊ വനങ്ങളിലേയ്ക്ക് ഒരു പര്യവേക്ഷണസംഘം സർവ്വവിധസന്നാഹങ്ങളുമായി കയറിപ്പോയി. എണ്ണപ്പനകൃഷി നടത്തുന്ന ഒരു കമ്പനിക്കായി ആ വനത്തെക്കുറിച്ച് പഠിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവിടെ കൃഷിതുടങ്ങിയാൽ ഉണ്ടാവുന്ന പരിസ്ഥിതിപ്രശ്നങ്ങൾ, അവിടെയുള്ള തദ്ദേശവാസികളുടെ നിലനിൽപ്പ്, സസ്യമൃഗാദികളുടെ ഭാവി ഇതൊക്കെ പഠിക്കുവാനായിട്ടാണ് അവർ ബോർണിയോ വനങ്ങളിലേക്ക് കയറിയത്. പൊതുവേ ആസ്‌ത്രേലിയൻ ജൈവമണ്ഡലവും, ഏഷ്യൻ പരിസ്ഥിതിയും മുഖാമുഖം നിൽക്കുന്ന ബോർണിയൻ കാടുകളിൽ മറ്റൊരിടത്തും കാണാനാവാത്ത മൃഗങ്ങളും, ചെടികളും ധാരാളമുണ്ട്. അന്നുച്ചയോടെ ഒരു മലകയറ്റത്തിന് മുൻപായി ചെറുതായിട്ടൊന്ന് വിശ്രമിക്കുവാനായി ഒരു അരുവിയുടെ ഓരംപറ്റി തമ്പടിച്ചപ്പോഴാണ് സംഘത്തിലൊരാൾ ജലത്തിൽ നിന്നും തലയുയർത്തി തങ്ങളെത്തന്നെ നിരീക്ഷിക്കുന്ന ഒരു ജീവിയെ കണ്ടത്. പാമ്പിനെപ്പോലെ നല്ല നീളം, ചൈനീസ് ഡ്രാഗന്റെ മുഖം, ദിനോസറിന്റെ തലയെടുപ്പ്, മുതലയുടെ ഭാവം. വെറുമൊരു ഓന്ത് എന്നാണവർ കരുതിയത്. എല്ലാവരെയും മാറിമാറി നോക്കിയ ആ ജന്തുവിന്റെ കുറെ ചിത്രങ്ങൾ ആരൊക്കെയോ ഒരു രസത്തിന് എടുക്കുകയും ചെയ്തു. ഒരു മണിക്കൂറോളം അവരെത്തന്നെ നോക്കി വെള്ളത്തിൽ നിലയുറപ്പിച്ച ആ ജീവി, അവർ ക്യാമ്പ് വിടുന്നതിന് തൊട്ടുമുൻപ് അപ്രത്യക്ഷമായി.

പിന്നീട് ദിവസങ്ങൾക്ക് ശേഷം യാത്രയും, പര്യവേഷണവുമൊക്കെകഴിഞ്ഞു തങ്ങളുടെ യാത്രാചിത്രങ്ങൾ വീണ്ടും വീണ്ടും കണ്ടുരസിക്കുന്നതിനിടെ വെള്ളത്തിൽ നിന്നും തങ്ങളെതന്നെ നോക്കി നിന്ന ആ ജീവി ഏതെന്നറിയാൻ നെറ്റിലൊന്ന് ചികഞ്ഞുനോക്കിയ അവർ ശരിക്കൊന്ന് ഞെട്ടി. ഉരഗലോകത്തിലെ അപൂർവ്വജീവിയായ ചെവിയില്ലാ ഗൗളി (Earless monitor lizard- Lanthanotus borneensis) ആയിരുന്നു അത്! 1877 ലെ ആദ്യദർശനത്തിന് ശേഷം പിന്നീടങ്ങോട്ട് വിരലിലെണ്ണാവുന്നത്ര അവസരങ്ങളിൽ മാത്രം വന്യതയിൽ വെച്ച് മനുഷ്യൻ കണ്ടിട്ടുള്ള ഒരു അപൂർവ്വജീവി. ഇന്ന് ഈ ജീവിയുടെ ലോകമെമ്പാടുമുള്ള നൂറോളം ലൈവ് സ്പെസിമനുകൾ, പണ്ട് ജീവനോടെ കിട്ടിയ ഏതാനും പല്ലികളുടെ പിൻതലമുറയിൽപ്പെട്ടവരാണ്. ചുരുക്കത്തിൽ നൂറു വർഷങ്ങൾക്കിടയിൽ ഇവറ്റകളെ അവയുടെ ആവാസവ്യവസ്ഥയിൽ നേരിട്ട് കണ്ട് ഫോട്ടോയെടുത്ത ആദ്യ പര്യവേഷകരായിമാറി അവർ!

പക്ഷെ ഈ കണ്ടുപിടുത്തതിന്റെ പ്രാധാന്യവും, അപകടവും ഒരേസമയം തിരിച്ചറിഞ്ഞ അവർ തങ്ങളുടെ റിസേർച്ച് പേപ്പറിൽ (2012) പല്ലിയെ കണ്ടെത്തിയ സ്ഥലമോ, കോർഡിനേറ്റുകളോ, മറ്റെന്തെങ്കിലും സൂചനകളോ മനപ്പൂർവ്വം കൊടുത്തില്ല. പക്ഷെ ബോർണിയോ എന്ന പേര് മാത്രം മതിയായിരുന്നു ആ സാധുജീവികളുടെ ജാതകം തിരുത്തിയെഴുതാൻ! ഹെർപ്പെറ്റോകൾച്ചർ (Herpetoculture) എന്ന ലോകവ്യാപകമായ വിനോദം ഗുണവും, ദോഷവും ഒരേപോലെയുള്ള ഒരു ഹോബിയാണ്. പല്ലികളെയും, മറ്റ് ഉരഗജീവികളെയും ജീവനോടെ വളർത്തുന്ന ഹോബിയാണ് ഹെർപ്പച്ചോകൾച്ചർ. ഗവേഷകർ ഇത് പഠനത്തിനായി ചെയ്യുമ്പോൾ മറ്റുള്ളവർക്കിത് ചെറുഭ്രാന്തോട് കൂടിയ വിനോദമാണ്, വേറെ ചിലർക്ക് അപൂർവ്വ ജീവികൾ കൈവശമാക്കുന്നത് ഒരു അന്തസ്സാണ്. ശീതരക്തവാഹകരായ ഈ ജീവികളെ പ്രത്യേകം ഉണ്ടാക്കിയെടുത്ത പരിസ്ഥിതിയിൽ വേണം വീട്ടിൽ വളർത്തുവാൻ. ചിലതിന് ഇങ്കുബേറ്റർ പോലുള്ള സംവിധാനങ്ങളും വേണ്ടിവരും. പക്ഷെ അപൂർവജീവികളെ സ്വന്തമാക്കുക എന്ന ഭ്രാന്ത് ഇത്തരം ജീവികളുടെ ലോകവ്യാപകമായ കള്ളക്കടത്തലിന് കാരണമാകും എന്നതാണ് കുഴപ്പം. ഇതിന്റെ ഇടനിലക്കാർ ഇത്തരം ജീവികളെ അവയുടെ പരിസ്ഥിതിയിൽ നിന്നും തായ്‌വേരുൾപ്പടെ പിഴുതെടുത്ത് കരിഞ്ചന്തയിൽ കൊടും വിലയ്ക്കാണ് വില്ക്കുന്നത്.

നമ്മുടെ ചെവിയില്ലാപല്ലിക്കും ഇതേഗതിയുണ്ടായി. ബോർണിയൻ വനങ്ങളിലേക്ക് കൂട്ടമായെത്തിയ അന്താരാഷ്ട്ര മൃഗവിൽപ്പനക്കാർ പ്രദേശവാസികളുടെ കൂട്ടുപിടിച്ച് വെള്ളത്തിൽ ഒന്നുമറിയാതെ തലയുയർത്തിനിന്ന സകല പല്ലികളെയും പിടിച്ച് ചാക്കിനകത്താക്കി. പക്ഷെ ഗവേഷകർ ഇക്കാര്യമറിയുന്നത് ലോകത്തിലെ ഏറ്റവും വലിയ ഉരഗജീവി മേളയായ ടെറാറിസ്റ്റിക്ക റെപ്‌റ്റൈൽ ഫെയർ (Terraristika) തുടങ്ങിയപ്പോഴാണ്. ജർമ്മനിയിലെ ഹാമിൽ (Hamm) നടക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ ഉരഗമേളയാണ്. വർഷത്തിൽ ഒന്നിലേറെ തവണ ഇത് നടക്കാറുണ്ട്. ഇനി ഈ വർഷം 2025 സെപ്റ്റംബർ 13 നാണു ലോകമെമ്പാടുമുള്ള റെപ്റ്റയിൽ-ആംഫീബിയൻ-ഇൻസെക്റ്റ് പ്രേമികൾ ഇവിടെ ഒരുമിച്ച് കൂടുന്നത്.

അന്ന് ഈ മേളയോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളിൽ €5,000 പൗണ്ടിനാണ് ചെവിയില്ലാഗൗളികൾ വിൽപ്പനക്കെത്തിയത്. ഇന്തോനേഷ്യയിലും മറ്റും ഇവറ്റകളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിൽ നിരോധനമില്ലായിരുന്നു എന്നത് വില്പനക്കാർക്ക് സൗകര്യമായി. പക്ഷെ കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് ഈ ജീവിയെ IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് ഗവേഷകർ ആവശ്യപ്പെട്ടു. അങ്ങനെവന്നാൽ അമേരിക്കയുൾപ്പടെ പലരാജ്യങ്ങളിലും ഇതിന്റെ വിപണനം സ്വാഭാവികമായി ഒരു കുറ്റകൃത്യമായി പരിഗണിക്കപ്പെടും. പക്ഷേ ഇതിനോടകം തന്നെ വില്പനയ്ക്കായുള്ള പല്ലികളെ കാട്ടിൽ നിന്നും വേട്ടക്കാർ ഇപ്പോൾ തന്നെ പിടിച്ച് കടൽകടത്തിയിട്ടുണ്ടാവണം. അങ്ങിനെ വന്നാൽ ഏതാനും വർഷങ്ങൾക്കകം ഇവറ്റകൾ ഭൂമിയിലെ സ്വാഭാവികപരിസ്ഥിതിയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും. എന്തായാലും 2019ൽ IUCN ഇവയെ Endangered (EN) ലിസ്റ്റിൽ ഉൾപ്പെടുത്തുകതന്നെ ചെയ്തു. ഇന്ന് പല മ്യൂസിയങ്ങളിലും, മൃഗശാലകളിലുമായി ഏതാണ്ട് നൂറോളം ചെവിയില്ലാഗൗളികൾ ജീവിക്കുന്നുണ്ട്. ഉരഗസ്നേഹികളുടെ കൈവശം അതിന്റെ ഇരട്ടിയിലേറെ ഉണ്ടാവും. ബോർണിയൻ കാടുകളിലെ എണ്ണം ഇതുവരെയും കണക്കിലാക്കുവാൻ കഴിഞ്ഞിട്ടില്ല.

NB: ചെവിയുടെ തുളയില്ലെങ്കിലും ആന്തരിക ശ്രവണസംവിധാനം (Inner Ear Structure) ഉപയോഗിച്ച് വൈബ്രേഷൻസ് തിരിച്ചറിയുവാൻ ഇവയ്ക്ക് സാധിക്കും. നമ്മുടെ വീടുകളിൽ കാണുന്ന പല്ലികൾക്കും ഈ കഴിവുണ്ട്.

Photo : Chien C. Lee, Wild Borneo Photography, CC BY-SA 4.0, via Wikimedia Commons