മെസെപ്പെട്ടോമിയ എന്നാല്‍ നദികള്‍ക്കിടയിലെ പ്രദേശം എന്നാണ് അര്‍ഥം. യൂഫ്രെട്ടീസും, ടൈഗ്രിസും ആണ് ആ നദികള്‍. ഈ നദികൾക്കിടയിലെ വരണ്ട, അര്‍ദ്ധമരുഭൂവില്‍ ഒരു വിചിത്രഭൂമി ഒളിഞ്ഞിരുപ്പുണ്ട് ! അതാണ് വിശാലമായ മെസെപ്പെട്ടോമിയന്‍ ചതുപ്പ് നിലങ്ങള്‍! കണ്ണെത്താ ദൂരത്തോളം വളര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ പുല്‍വര്‍ഗ്ഗങ്ങള്‍ …. അതിനിടയില്‍ ചെറിയ ചെറിയ ചെളിതുരുത്തുകള്‍ …… ഇതിനിടയിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകുന്ന നീർച്ചാലുകൾ …. അവിടെയും ഇവിടെയുമൊക്കെ നെല്‍കൃഷിയുടെ പച്ചപ്പ് …… വെള്ളത്തില്‍ ഓടിക്കളിക്കുന്ന ചെറുമീനുകള്‍ …. ചതുപ്പില്‍ മേഞ്ഞു നടക്കുന്ന പോത്തുകള്‍ … ഇതാണ് ഈ വിചിത്ര ഭൂമിയുടെ ഏകദേശ ചിത്രം. അയ്യായിരം കൊല്ലങ്ങള്‍ക്ക് പുരാതന സുമേറിയന്‍ ജനതയില്‍ ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു. അവരുടെ പിന്‍തലമുറയാണ് ഇന്നിവിടെ കാണുന്ന മദാൻ അറബികൾ (Marsh Arabs- Arab al-Ahwār). സിന്ധു നദിയുടെ തീരങ്ങളിൽ നിന്നും മെസപ്പെട്ടോമിയയിലേക്ക് കുടിയേറിയ ജാട്ട് വംശജരും (Zuṭṭ/ Jat) ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പുല്ലുകളും, ചെളിയും കെട്ടുപിണഞ്ഞു കിടക്കുന്ന ചെറുതുരുത്തുകളില്‍ ആണ് ഇവര്‍ തങ്ങളുടെ വിചിത്ര വീടുകള്‍ പണിയുന്നത്. ഏകദേശം ഇരുപതിനായിരത്തോളം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ചതുപ്പ്നിലങ്ങളുടെ ഭൂരിഭാഗവും തെക്കൻ ഇറാക്കിലാണുള്ളത്. ബാക്കി ഭാഗം ഇറാനിലും, വളരെ കുറച്ചു ഭാഗം കുവൈറ്റ് അതിര്‍ത്തിയിലുമുണ്ട്.
പുരാതനസുമേറിയന്‍ ജനത എങ്ങിനെയാണോ ഈ നീര്‍വനങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചിരുന്നത് അതേരീതിയില്‍ തന്നെയാണ് ഇന്നത്തെ മാര്‍ഷ് അറബികളും തങ്ങളുടെ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് അതിശയകരം. മുധിഫ് (Mudhif) എന്ന് വിളിക്കുന്ന ഇത്തരം ചതുപ്പ് വീടുകള്‍ പൂര്‍ണ്ണമായും ചതുപ്പില്‍ നിന്നും ലഭ്യമാകുന്ന ഉണങ്ങിയ പുല്ലുകളും, കണ്ടല്‍ചെടികളും ചെറുകമ്പുകളും കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഇതിനായി ആണിയും, തടിയും ഉള്‍പ്പടെ യാതൊരുവിധ `വിദേശ’ വസ്തുക്കളും അവര്‍ ഉപയോഗിക്കാറില്ല. നമ്മുടെ മുളയോട് സാദൃശ്യമുള്ള ക്വസാബ് (Qasab) എന്ന കൂറ്റന്‍ പുല്ലാണ് (ഇതിനു ചിലപ്പോള്‍ ഏഴര മീറ്ററോളം നീളം വെയ്ക്കും) മുധിഫ് വീടുകൾ നിര്‍മ്മിക്കുവാന്‍ കൂടുതലായും ഉപയോഗിക്കുന്നത്. ചുരുങ്ങിയത് മൂന്ന് ദിവസങ്ങള്‍കൊണ്ട് ഇവര്‍ക്ക് ഇത്തരം ഒരു ചെറുവീട് നിര്‍മ്മിക്കുവാന്‍ സാധിക്കും. മുധിഫ് വീടുകൾ നിര്‍മ്മിക്കുന്ന ചെറുതുരുത്തുകളെ കിബാഷ (Kibasha) എന്നാണ് വിളിക്കുക. ഒറ്റനോട്ടത്തിൽ ഉറപ്പുള്ളതാണെന്ന് തോന്നിക്കുമെങ്കിലും ഇത്തരം ദ്വീപുകള്‍ വെള്ളത്തിലൂടെ ചെറിയരീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും. അങ്ങനെ സ്വന്തം വീട് അയല്‍വാസിയുടെ വീടുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതിനാൽ ചുറ്റും വാരികള്‍ സ്ഥാപിച്ച് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിര്‍മ്മാണം തുടങ്ങുക. ഇവരുടെ വീടുകള്‍ മാറ്റി സ്ഥാപിക്കാനും വളരെ എളുപ്പമാണ്. ചതുപ്പിലെ ജലവിതാനം ഉയരുമ്പോള്‍ ഇവര്‍ ശ്രദ്ധാപൂര്‍വ്വം ഈ വീടുകള്‍ അഴിച്ച് മറ്റൊരിടത്ത് കൊണ്ട് സ്ഥാപിക്കും. നല്ല രീതിയില്‍ നോക്കിയാല്‍ ഇരുപത്തിയഞ്ച് വർഷങ്ങൾവരെയും ഇത്തരം വീടുകൾ ഉപയോഗിക്കാനാവും. ചതുപ്പിലൂടെ ഇവര്‍ സഞ്ചരിക്കുന്ന വള്ളങ്ങളെ മഷ്ഹൂഫ് (Mashoof) എന്നാണ് പറയുന്നത്. പുല്ലുകള്‍ക്കിടയിലൂടെ തുഴയാന്‍ പ്രയാസമായതിനാൽ ആദ്യമെതന്നെ രണ്ടോ മൂന്നോ പോത്തുകളെ ആവഴി അഴിച്ചുവിടും. പോത്തുകള്‍ നീന്തി പുല്ലുകള്‍ മാറി വഴി തെളിഞ്ഞാൽ പിറകെ വള്ളങ്ങളും പോകും! കൃഷി, മീൻപിടുത്തം, പോത്ത് വളർത്തൽ തുടങ്ങിയവയാണ് ഇവരുടെ പ്രധാനജീവിത മാർഗ്ഗങ്ങൾ.
ഇവർ ഭൂരിഭാഗവും ഷിയാ മുസ്ലീമുകള്‍ ആണ്. വളരെ കുറച്ച് മാൻഡിയൻസ്* (Mandaeans/Sabians) എന്നൊരു വിഭാഗവും ഇവരുടെ ഇടയില്‍ ഉണ്ട്. ഒരിക്കൽ ചില സദാം വിരുദ്ധര്‍ ചതുപ്പിലെ മുധിഫ് വീടുകളില്‍ അഭയം പ്രാപിച്ചത് ചതുപ്പ് നിവാസികളുടെ ആകമാന നാശത്തിനു വഴിവെച്ചു. സദാമിന്റെ പട്ടാളം പലതവണ ചതുപ്പ് ഗ്രാമങ്ങള്‍ റെയ്ഡ് ചെയ്തു. അവസാന കൈ എന്നനിലയില്‍ ചതുപ്പിലെയ്ക്കുള്ള ജലമാർഗ്ഗങ്ങൾ അടയ്ക്കുകയും ചെയ്തതോടെ വറ്റിവരണ്ട ചതുപ്പ് നിലങ്ങളില്‍ നിന്നും അയ്യായിരം കൊല്ലത്തെ ജീവിതം അവസാനിപ്പിച്ചുകൊണ്ട് മദാന്‍ അറബികള്‍ അവിടെ നിന്നും ഇറാനിലെയ്ക്ക് കൂട്ടപലായനം ചെയ്തു. എന്നാല്‍ സദാമിന്റെ പതനത്തോടെ ചിലരൊക്കെ ഇപ്പോൾ മടങ്ങിവന്നിട്ടുണ്ട്.
NOTE: *Mandaeans/Sabians : മോശയെ വ്യാജപ്രവാചകനായും മോശ ഇസ്രായേലിന് പരിചയപ്പെടുത്തിയ ദൈവത്തെ അംഗീകരിക്കുകയും ചെയ്യാത്ത ഒരു ജ്ഞാനവാദ മതം. യേശുക്രിസ്തുവിനെയും, മുഹമ്മദ്നബിയെയും അംഗീകരിക്കാത്ത ഇവരുടെ അന്ത്യപ്രവാചകൻ സ്നാപകയോഹന്നാൻ (John the Baptist) ആണ്.
Photo: Marsh Arabs in the Tigris-Euphrates, Iraq, 1950 by Wilfred Thesiger