സ്കൂളും, യാത്രയും, കളികളും!

by Julius Manuel
Published: Updated: 5 views
A+A-
Reset
NEW VIDEO
Bar Image NEW VIDEO
Bar Image
വൈദ്യുതിക്കും മുൻപേ തീതുപ്പുന്ന ഡ്രാഗണുകൾ!
ചരിത്രം മറന്ന 'പുരാതന സൂപ്പർ വെപ്പണുകൾ'
WATCH NOW!

1982 മുതൽ 89 വരെയായിരുന്നു കോട്ടയം കുടമാളൂർ സെൻ്റ് മേരീസ് സ്കൂളിലെ പഠനകാലം. അതായത് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ. നടന്നാണ് വരുന്നതും, പോകുന്നതും. ഏതാണ്ട് മൂന്ന് കിലോമീറ്റർ. സാധാരണ രീതിയിൽ നാൽപത് മിനിട്ടുകൊണ്ടും, വിശപ്പ് മൂത്താൽ അര മണിക്കൂറുകൊണ്ടും വീട്ടിൽ എത്തിച്ചേരും. ഈ യാത്രയിലെ സംഭവങ്ങളും, തമാശകളും പറഞ്ഞാൽ തീരില്ല. പക്ഷ സ്കൂൾ വിട്ട് വരുമ്പോൾ മാത്രം ചെയ്യുന്ന ചില പ്രത്യേകതരം കളികളെക്കുറിച്ചാണ് ഇത്തവണ പറയുന്നത്. 

ഒന്നാമത്തെ കളിക്ക് പേരൊന്നുമില്ല. കളിക്കാൻ തീരുമാനിച്ചാൽ ആ നടപ്പ് ഗ്രൂപ്പിലുള്ള സകലരും കണ്ണിൽ കാണുന്ന ഏറ്റവും വലിയ വടിയോ, കമ്പോ കയ്യിലെടുക്കും. നല്ല ബലമുള്ളത് കിട്ടിയില്ലെങ്കിൽ അടികിട്ടി വശംകെട്ടുപോകും. കളി തുടങ്ങിയാൽ വരിവരിയായിട്ടാണ് വഴിയിലൂടെ നടക്കുക. നമ്മുടെ കയ്യിലുള്ള വടിയുടെ നീളത്തിനും അപ്പുറമായിരിക്കണം മുന്നിലും, പുറകിലും നടക്കുന്നവർ പോകേണ്ടത്. ആ അകലം പാലിക്കാതെ വന്നാൽ ദൂരം തെറ്റിക്കുന്നവനെ മുന്നിലും, പുറകിലും നടക്കുന്നവർക്ക് അടിക്കാം. ഈ അടി തടയാനാണ് ബലമുള്ള കമ്പ് എടുക്കണമെന്ന് ആദ്യമേ പറഞ്ഞത്. വഴി മുറിച്ച് കടക്കുമ്പോളും, മുതിർന്നവർ എതിരെ വരുമ്പോഴുമൊക്കെയാണ് ഈ അകലം തെറ്റുന്നതും പൂരത്തല്ല് നടക്കുന്നതും. അടി കൊണ്ട് കയ്യും കാലുമൊക്കെ ചതയും. സ്കൂളിൽ നിന്നുള്ള അകലം കൂടുന്നതോടെ സംഘത്തിലെ ആളുകൾ കുറയുകയും അവസാനം വടിയുമായി ഞാൻ ഒറ്റയ്ക്ക് വീട് പറ്റുകയും ചെയ്യും. ഇന്നത്തെ അടി പക്ഷേ നാളെ മറക്കും എന്നതാണ് ഈ തല്ല് കളിയുടെ പ്രത്യേകത. സ്കൂൾ ജീവിതത്തിൽ ദേഹോപദ്രവം ഒരു ഭാഗം തന്നെയായിരുന്നതിനാൽ ആർക്കും, പിണക്കമില്ല, വൈരാഗ്യവുമില്ല. 

അടുത്തത് പുല്ലേൽ ചവുട്ടി കളിയാണ്. കളി തുടങ്ങിയാൽ വഴിയോരത്തുള്ള പുല്ലേൽ മാത്രമേ ചവുട്ടി നടക്കാവൂ. പുല്ലിന്  പുറത്ത് ചവിട്ടിയാൽ കൈക്കിട്ട് അഞ്ചടിയാണ് ഫൈൻ. ചുരുക്കത്തിൽ ഇടയ്ക്ക് പുല്ല് ഇല്ലാത്ത ഭാഗം വന്നാൽ ഓടിവന്നു ചാടുകയോ, കമ്പിൽ കുത്തി ചാടുകയോ ആവാം. ഇത് രണ്ടിനും കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള ആളുടെ പുല്ലുള്ള പറമ്പ് വഴി നടന്നും അപ്പുറം കടക്കാം. ഇവിടെയും വഴി മുറിച്ച് കടക്കേണ്ടി വരുമ്പോഴാണ് തല്ലിൻ്റെ പൊടിപൂരം നടക്കുക. ഇടക്ക് വെച്ച് കളി നിർത്തിയാലും തല്ല് കിട്ടും. 

ഇനി വണ്ടികളുടെ നമ്പർ വെച്ചുള്ള കളിയാണ്. കളി തുടങ്ങുമ്പോൾ നമ്മൾ പൂജ്യത്തിനും ഒൻപതിന് ഇടയിലുള്ള  ഏതെങ്കിലും ഒരു നമ്പർ മനസിൽ കരുതണം. അത് കൂട്ടുകാരോട് പറയുകയുംവേണം. ഒരാള് എടുത്ത നമ്പർ മറ്റെയാൾ എടുക്കുവാനും പാടില്ല. 5 ആയിരുന്നു എൻ്റെ സ്ഥിരം നമ്പർ. ഇങ്ങനെ നമ്പർ എടുത്ത ശേഷം വർത്തമാനം പറഞ്ഞു നടപ്പാണ്. ദേ അപ്പോഴാണ് ഒരു കറുത്ത അംബാസിഡർ കാർ വരുന്നത്. KLO 5520. ഇനി അടിയുടെ പൂരം. എൻ്റെ നമ്പർ രണ്ട് തവണയാണ് വന്നിരിക്കുന്നത്. ചുരുക്കത്തിൽ കൂടെയുള്ളവർക്കിട്ട് രണ്ട് തവണ അടിക്കാനുള്ള അവകാശം എനിക്കുണ്ട്. അതുപോലെ പൂജ്യം വിചാരിച്ച ആൾക്കും, രണ്ട് കരുതിയ ആൾക്കും ഓരോ അടി തിരിച്ചും അടിക്കാം. അക്കാലത്ത് അംബാസിഡർ, പ്രീമിയർ പത്മിനി കാറുകളും, കെഎസ്ആർടിസി ബസുകളും, EXPO, PTMS ബസുകളുമൊക്കെ വല്ലപ്പോഴും വന്നാൽ ഒത്തു. പക്ഷേ മുൻപ് പറഞ്ഞതുപോലെ ഈ അടിയും തല്ലുമൊക്കെ കൊടുക്കുന്ന നിമിഷം തീരുമായിരുന്നു. ഒന്നും മനസിൽ വെയ്ക്കില്ല. 

ഇനിയുള്ളത് ഷോർട്ട് കട്ട് മത്സരമാണ്. നമ്മൾ സ്കൂൾ വിട്ട് പോരുമ്പോൾ ഉള്ള ഏതെങ്കിലും ഒരു കവലയായിരിക്കും ലക്ഷ്യം. ആ ജംഗ്ഷനിലേക്ക് ഒരുപക്ഷേ രണ്ടോ മൂന്നോ വേറെയും വഴികൾ കണ്ടേക്കാം. കൂട്ടുകാർ ഉടൻ തന്നെ ഗ്രൂപ്പ് തിരിഞ്ഞു അതിൽ ഏതെങ്കിലുമൊക്കെ വഴികൾ തിരഞ്ഞെടുത്ത് ഓട്ടം ആരംഭിക്കും. കവലയിൽ ആദ്യമെത്തുന്ന ഗ്രൂപ്പാണ് വിജയിക്കുക. ഇവിടെ ജയിച്ചവരുടെ ചിരിയും, കൂവലും മാത്രം സഹിച്ചാൽ മതി. തല്ലൊന്നും കൊള്ളേണ്ടിവരില്ല.

Bar Image
Bar Image
വേട്ടക്കഥകൾ
ലോകപ്രശസ്ത വേട്ടക്കാരുടെ സാഹസിക വേട്ടകൾ !
ENJOY!

Have feedback or suggestions?

Write suggestions here

Have any thoughts?

Share your reaction or leave a quick response — we’d love to hear what you think!

Show/Hide Player
-
00:00
00:00
Update Required Flash plugin
-
00:00
00:00