ബഞ്ചാര ഹൗണ്ട്
ലംബാടി അഥവാ ബഞ്ചാര എന്നറിയപ്പെടുന്ന ഇന്ത്യൻ നാടോടി ഗോത്രക്കാർ വളർത്തിയിരുന്ന ഒരു തരം നായ്ക്കളുടെ വർഗ്ഗമാണ് ബഞ്ചാര ഹൗണ്ട് (Banjara Hound). യൂറോപ്യൻ നാടോടികളായ റൊമാനികളുമായി ബന്ധമുള്ള ആളുകളാണ് ലമ്പാടികൾ. മാനുകളെയും, മുയലുകളെയും വേട്ടയാടുവാൻ പ്രത്യേകം മിടുക്കുള്ള ബഞ്ചാര ഹൗണ്ട് ലമ്പാടികളുടെ കൂടെത്തന്നെ ജീവിച്ച് പ്രത്യേക വർഗ്ഗമായി മാറിയതാണ്. ഇവയെ വളർത്തി പരിശീലിപ്പിക്കുവാൻ വളരെയധികം ബുദ്ധിമുട്ടാണ്.
പോളിഗർ ബ്രീഡ്
തമിഴ്നാട്ടിലെ തദ്ദേശീയമായ നായ വർഗ്ഗങ്ങളെ ഇംഗ്ലീഷുകാർ പൊതുവെ പോളിഗർ ബ്രീഡ് എന്നാണ് വിളിച്ചിരുന്നത്. പ്രശസ്തമായ രാജപാളയം നായ്ക്കളും, തേനിയിൽ നിന്നും ഉത്ഭവിച്ച കൊംബൈ നായ്ക്കളും, തെക്കൻ തമിഴ്നാട്ടിലെ ചെങ്കോട്ട നായ്ക്കളും ഇക്കൂട്ടത്തിൽ പെടും. ഇതെല്ലാം തന്നെ കാവൽ നായ്ക്കളും, വേട്ടനായ്ക്കളുമാണ്. ഇതിൽ ഒറിജിനൽ ചെങ്കോട്ട നായ്ക്കൾ ഇപ്പോൾ വളരെ അപൂർവ്വമാണ്. കൊമ്പൈ നായ്ക്കൾ ചെങ്കോട്ട നായ്ക്കളിൽ നിന്നും ഉത്ഭവിച്ചതാവാനാണ് സാധ്യത. കടുവകളെ വേട്ടയാടുവാനാണ് ചെങ്കോട്ട നായ്ക്കളെ ഉപയോഗിച്ചിരുന്നത്. രണ്ട് ചെങ്കോട്ട നായ്കൾക്ക് ഒരു കടുവയെ കീഴ്പ്പെടുത്താനുള്ള ശേഷിയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 1799 മുതൽ 1805 വരെയും തിരുനൽവേലിയിലെ പാളയക്കാരർ രാജവംശവും, ബ്രിട്ടീഷുകാരും തമ്മിൽ ഘോരയുദ്ധം നടന്നിരുന്നു. ഈ യുദ്ധത്തിൽ വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ ഉൾപ്പടെയുള്ളവർ ഈ മൂന്ന് ഇനത്തിലും പെട്ട നായ്ക്കളെ ശത്രുക്കളുടെ മേൽ അഴിച്ചുവിട്ടാണ് ആക്രമണം നടത്തിയിരുന്നത്. പാളയക്കാരർ യുദ്ധങ്ങൾ എന്നറിയപ്പെട്ടിരുന്ന ഈ യുദ്ധങ്ങളെ ബ്രിട്ടീഷുകാർ പോളിഗർ വാർസ് (Polygar Wars) എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ഈ യുദ്ധങ്ങളിൽ പങ്കെടുത്ത ഈ മൂന്ന് നായവർഗങ്ങളെയും പൊതുവേ പോളിഗർ ഗ്രേ ഹൗണ്ട് എന്ന് വിളിക്കുന്നത്. ടിപ്പു സുൽത്താൻ ഉൾപ്പടെയുള്ളവർ യുദ്ധങ്ങളിൽ ഇത്തരം നായ്ക്കളെ ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സൈനികരുടെ കുതിരകളുടെ തുട കടിച്ചുപറിക്കുവാനായിട്ടാണ് കൊംബൈ നായക്കളെ പരിശീലിപ്പിച്ചിരുന്നത്.

Image : Banjara Hound | W. E. Mason – Dogs of all Nations (1915)